താനൂര്‍:കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം തൃശ്ശൂര്‍ പാലക്കാട് എന്നീ ജില്ലകളില്‍ രാത്രികാലങ്ങളില്‍ ജനലിനു ഉള്ളിലൂടെ മോഷണം നടത്തുന്ന കാക്ക ഷാജിക്കെതിരെ പരപ്പനങ്ങാടി, തിരൂര്‍ പൊന്നാനി എന്നീ സ്റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകള്‍ ഉണ്ട്.
ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വര്‍ണാഭരണങ്ങളും ജനവാതില്‍ വഴി മോഷണം നടത്തുകയാണ് ഇയാളുടെ രീതി.ഇത്തരം കേസില്‍ ഈ വര്‍ഷം ഷാജിയെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ജയിലില്‍ നിന്നും ഇറങ്ങി മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ തേഞ്ഞിപ്പലം, പരപ്പനങ്ങാടി താനൂര്‍ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐപി എസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഈ കളവുകേസ് പ്രതിയെ പിടിക്കുന്നതിനായി പ്രത്യേകമായ ഒരു സ്‌ക്വാഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് ഈ കേസുകള്‍ നടത്തിയ ഷാജി എന്ന് വിളിക്കുന്ന കാക്ക ഷാജിയെ ഇന്‍സ്പെക്ടര്‍ കെ. ജെ ജിനേഷ് സബ് ഇന്‍സ്പെക്ടര്‍ എന്‍ ശ്രീജിത്ത് സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ് , സബറുദ്ധീന്‍ ആല്‍ബിന്‍, ഷിബിന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത് . തിരുര്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ , കുന്നംകുളം ചങ്ങരംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലായി 50ഓളം മോഷണ കേസ്സുകളില്‍ പ്രതിയാണ് .
കാക്ക ഷാജിയെ ചോദ്യം ചെയ്തതില്‍് കഴിഞ്ഞ ദിവസം സമാനരീതിയില്‍ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെയും കുട്ടിയുടെയും ആഭരണങ്ങള്‍ മോഷണം നടത്തിയതായി ഇയാള്‍ സമ്മതിച്ചു. ഷാജിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




