Section

malabari-logo-mobile

സ്‌ത്രീ ദുര്‍ബലമാകുന്ന സമൂഹത്തില്‍ അഭിവൃദ്ധി ഉണ്ടാകില്ല: മന്ത്രി കെ.ടി. ജലീല്‍

HIGHLIGHTS : മലപ്പുറം: സ്‌ത്രീ ദുര്‍ബലമാകുന്ന സമൂഹത്തിന്‌ അഭിവൃദ്ധിയോ പുരോഗതിയോ സാധ്യമാകില്ലെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. മലയാള...

k t jaleelമലപ്പുറം: സ്‌ത്രീ ദുര്‍ബലമാകുന്ന സമൂഹത്തിന്‌ അഭിവൃദ്ധിയോ പുരോഗതിയോ സാധ്യമാകില്ലെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. മലയാളിയുടെ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കുന്നതിന്‌ കുടുംബശ്രീ സംസ്ഥാന മിഷന്‍ ആവിഷ്‌കരിച്ച ‘പൊലിവ്‌’ കാര്‍ഷിക പുനരാവിഷ്‌കരണ കാംപയ്‌ന്റെ സംസ്ഥാന തല ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യത്തിന്റെ മനോഹാരിതയും സുഗന്ധവും അനുഭവവേദ്യമാകുന്നതിന്‌ സ്‌ത്രീ ശാക്തീകരിക്കപ്പെടണം. സ്‌ത്രീ ദുര്‍ബലമാക്കപ്പെടുകയും നിശബ്‌ദമാക്കപ്പെടുകയും ചെയ്യുന്ന നാട്ടില്‍ ഏകാധിപത്യവും സ്വേഛാധിപത്യവും കൊടികുത്തി വാഴും. കേരളത്തിലെ കുടുംബശ്രീ സ്‌ത്രീശാക്തീകരണ രംഗത്ത്‌ ഇന്ത്യക്ക്‌ തന്നെ മാതൃകയാണ്‌. കുടുംബശ്രീക്ക്‌ രാഷ്‌ട്രീയമില്ലെന്നും സ്‌ത്രീ ശാക്തീകരണമാണ്‌ കുടുംബശ്രീയുടെ രാഷ്‌ട്രീയമെന്നും മന്ത്രി പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ വേര്‍തിരിവില്ലാതെ ഇത്രയധികം സ്‌ത്രീകളെ ഒരുമിപ്പിച്ച്‌ നിര്‍ത്താന്‍ വെറെ ഒരു പ്രസ്ഥാനത്തിനും ആവില്ല. വര്‍ഗീയതയും വിഭാഗീയതയും ഇല്ലായ്‌മ ചെയ്‌ത്‌ മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതില്‍ കുടുംബശ്രീയുടെ പങ്ക്‌ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീയെ ആശ്രിത സംഘമായി നിലനിര്‍ത്താനല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. അവരെ സ്വയം പര്യാപ്‌തതയിലേക്ക്‌ വഴിനടത്താനാണ്‌. കുടുംബശ്രീയെ ചില സുപ്രധാന ദൗത്യങ്ങള്‍ ഏല്‌പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നികുതി കുടിശ്ശിക പിരിവ്‌ ശക്തിപ്പെടുത്താന്‍ കുടുംബശ്രീയെ ഉപയോഗപ്പെടുത്താമോ എന്ന്‌ പരിശോധിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ താത്‌ക്കാലിക ഒഴിവുകളിലേക്ക്‌ കുടുംബശ്രീ അംഗങ്ങളുടെ യോഗ്യരായ മക്കള്‍ക്ക്‌ മുന്‍ഗണന നല്‍കുന്ന കാര്യവും പരിശോധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. എടപ്പാള്‍ അയിലക്കാട്‌ ഖദീജ കാസില്‍സ്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. ശുദ്ധജലം, മാലിന്യ സംസ്‌കരണം, വൃത്തിയുള്ള പരിസരം, നല്ല ജീവിത ശൈലി, നല്ല ആരോഗ്യം എന്നീ പഞ്ചശീല കാര്‍ഷിക- ആരോഗ്യ സംസ്‌കാരം വളര്‍ത്തുകയാണ്‌ കാംപെയ്‌ന്റെ ലക്ഷ്യം.
പരിപാടിയില്‍ ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി, കുടുംബശ്രീ സ്റ്റേറ്റ്‌ കണ്‍സള്‍ട്ടന്റ്‌ ഡോ. രാഹുല്‍ കൃഷ്‌ണന്‍, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ. ദേവിക്കുട്ടി, എം.ബി. ഫൈസല്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ. ലക്ഷ്‌മി, പി.എം. ആറ്റുണ്ണി തങ്ങള്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ്‌ കുഞ്ഞി, എടപ്പാള്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ബിജോയ്‌, മറ്റ്‌ ജനപ്രതിനിധികള്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.മുഹമ്മദ്‌ ഇസ്‌മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!