അവയവദാനത്തിന് കൈകോര്‍ക്കാനായി രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കി കെ-സോട്ടോ

‘എന്റെ കേരളം’ പ്രദര്‍ശന വിപണന വേദിയില്‍ അവയവദാന രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് കെ-സോട്ടോ. മരണാനന്തര അവയവദാനം ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് മേളയിലെ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ(കെ-സോട്ടോ) സ്റ്റാളില്‍ നേരിട്ടെത്തി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ ‘ജീവനേകാം ജീവനാകാം’ ക്യാംപയിന് കൂടുതല്‍ പ്രചാരണം ലഭിക്കുന്നതിനും അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമാണ് രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്.

മേളയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തി അവയവദാനത്തിന് സന്നദ്ധരാകാവുന്നതാണ്. രജിസ്ട്രേഷനായി എത്തുന്നവര്‍ ആധാര്‍ നമ്പര്‍ കരുതേണ്ടത് അത്യാവശ്യമാണ്. സ്റ്റാളിലെ കെ-സോട്ടോ പ്രതിനിധികള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. താത്പര്യമുള്ളവര്‍ക്ക് നേരിട്ടത്തി മരണാനന്തര അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിരവധി പേരാണ് സ്റ്റാളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയുന്നത്.

ജീവിച്ചിരിക്കുമ്പോള്‍ മരണാനന്തര അവയവദാനത്തിന് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണാനന്തര അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെ-സോട്ടോയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ksotto.kerala.gov.in/ എന്ന ലിങ്കിലോ അല്ലെങ്കില്‍ നാഷണല്‍ ഓര്‍ഗന്‍ ഡോണര്‍ രജിസ്ട്രിയുടെ notto.abdm.gov.in/register എന്ന ലിങ്കിലോ നിങ്ങളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ വിജയകരമായാല്‍ നിങ്ങള്‍ക്ക് ഒരു ഡോണര്‍ കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡില്‍ നിങ്ങളുടെ ഫോട്ടോയും രജിസ്‌ട്രേഷന്‍ വിവരങ്ങളും ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് ഈ കാര്‍ഡ് പ്രിന്റ് എടുത്തോ ഡിജിറ്റല്‍ രൂപത്തിലോ സൂക്ഷിക്കാം. രജിസ്‌ട്രേഷന്‍ വിവരം നിങ്ങളുടെ അടുത്ത ബന്ധുക്കളെ നിര്‍ബന്ധമായും അറിയിക്കണം. നിങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വളരെ രഹസ്യമായാണ് സൂക്ഷിക്കുക. മറ്റൊരാള്‍ക്കും ഈ വിവരം ലഭ്യമാകില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top