പാതയോരത്ത് നെല്‍വിത്തിട്ട് നൂറുമേനി വിളയിച്ച് കടലുണ്ടി വട്ടപ്പറമ്പ് സ്വദേശി കെ.സി. ദാസ്

മോഹന്‍ ചാലിയം

വള്ളിക്കുന്ന്:മാലിന്യവും പുല്‍ക്കാടുകളും നിറഞ്ഞ പാതയോരം വൃത്തിയാക്കി നൂറുമേനി നെല്‍ക്കൃഷി വിളയിച്ച് കണ്ണിനും മനസ്സിനും കുളിരേകുകയാണ് കടലുണ്ടി വട്ടപ്പറമ്പ് സ്വദേശി കെ.സി. ദാസ് എന്ന കൂലിപ്പണിക്കാരന്‍.

കടലുണ്ടി വട്ടപ്പറമ്പ് കക്കാട്ട് ചന്ദ്രദാസ് എന്ന കെ.സി.ദാസാണ് വട്ടപ്പറമ്പ് ഒന്നാം പാലത്തിനു സമീപം പാതയോരത്ത് നെല്‍വിത്തുകള്‍ നട്ട് നൂറു മേനി വിളയിച്ചത്.

കഴിഞ്ഞ വര്‍ഷവും ദാസ് നെല്‍കൃഷിയൊരുക്കിയിരുന്നു. ജനകീയോത്സവമായി മന്ത്രി പി.എ മുഹമ്മദ് റിയാസാണ് അന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്.

വട്ടപ്പറമ്പിലും പരിസരങ്ങളിലും പാതയോരങ്ങളിലും പറമ്പുകളിലും വിവിധയിനം കൃഷികള്‍ ദാസ് ചെയ്തു വരുന്നുണ്ട്.

വഴിയോരങ്ങളില്‍ കൃഷി പരിപാലിക്കുന്നതിനിടെ എത്തിയ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ‘ഇതില്‍ അരിയുണ്ടാകുന്ന മരംഏതാണ്ട് അങ്കിള്‍?’ എന്ന ചോദ്യമാണ് പാതയോരത്ത് നെല്‍ വിത്തുകള്‍ വിതയ്ക്കാന്‍ പ്രചോദനമായതെന്ന് കെ.സി. ദാസ് പറയുന്നു.

ഇക്കഴിഞ്ഞ മെയ് 15 നാണ് വട്ടപ്പറമ്പ് ഒന്നാം പാലത്തിനടുത്ത് റോഡരുകില്‍ നെല്‍ വിത്ത് നട്ടത്.

മികച്ചയിനം ഉമ നെല്‍വിത്താണ് ഇത്തവണ കൃഷിക്കായി ഉപയോഗിച്ചത്.

ഇത്തവണയും വിവിധ സ്‌കൂളുകളില്‍ നിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ ദാസിന്റെ കര നെല്‍ക്കൃഷി കാണാന്‍ വട്ടപ്പറമ്പ് ഒന്നാം പാലത്തിന് സമീപം എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം വള്ളിക്കുന്ന് അരിയല്ലൂര്‍ യു.പി.സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ കര്‍ഷക വേഷത്തിലെത്തിയത് വേറിട്ട കാഴ്ചയായി.

അടുത്ത വര്‍ഷം സ്‌ക്കൂളില്‍ കര നെല്‍കൃഷി ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ധ്യാപിക ബിന്ധ്യ പറഞ്ഞു.

കൂലിപ്പണിക്കാരനായ ദാസ് വട്ടപ്പറമ്പ് മുതല്‍ പരപ്പനങ്ങാടി വരെയും കടലുണ്ടി മുതല്‍ ഫറോക്ക് വരെയും 116 ബസ് സ്റ്റോപ്പുകള്‍ രണ്ടാഴ്ചയിലൊരിക്കല്‍ വൃത്തിയാക്കി വരുന്നുണ്ട്.

ശുചീകരണത്തിനാവശ്യമായ തൂമ്പ,ചൂല്‍, വെട്ടുകത്തി, തുടങ്ങിയവ സൈക്കിളില്‍ ഭംഗിയായി കെട്ടിവെച്ച്, സമൂഹത്തിനായി സ്വയം സേവനം എന്ന ബോര്‍ഡും വെച്ചാണ് തന്റെ സന്തത സഹചാരിയായ സൈക്കിളില്‍ യാത്ര.പുലര്‍ച്ചെ തുടങ്ങുന്ന ബസ് സ്റ്റോപ്പ് ശുചീകരണം ഉച്ച വരെ തുടരും.

റോഡരികുകളില്‍ വിവിധയിനം പച്ചക്കറികള്‍, വാഴ, കപ്പ, ചേമ്പ് തുടങ്ങിയ കൃഷി ചെയ്ത് മികച്ച വിളവെടുക്കുന്ന ചന്ദ്രദാസ് തന്റെ കൂലിപ്പണിക്കിടയില്‍ കിട്ടുന്ന ഒഴിവ് സമയങ്ങളിലും പുലര്‍ കാലങ്ങളിലുമാണ് സേവന പ്രവൃത്തികള്‍ക്കായി സമയം കണ്ടെത്തുന്നത്.

വിളവെടുക്കുന്ന നെല്ല്, പച്ചക്കറികള്‍, കപ്പ, ചേമ്പ് തുടങ്ങിയവ അംഗനവാടികള്‍ക്കും ജീവകാരുണ്യ സംഘ ടനകള്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്. കൂലിപ്പണിയില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്നും മിച്ചം വരുന്ന തുക ഉപയോഗിച്ചാണ് വിത്തുകളും ഉപകരണങ്ങളും വാങ്ങുന്നത്.

കവി കൂടിയാണ് കെ.സി ദാസ്. കവിയരങ്ങുകളിലും മറ്റും കവിതകള്‍ അവതരിപ്പിച്ചു വരുന്നു.
വിജയദശമി നാളില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വര്‍ഷങ്ങളായി സ്വന്തം കവിത അവതരിപ്പിച്ചു വരുന്നു.

ഒട്ടനവധി പുരസ്‌കാരങ്ങളു ദാസിനെ തേടിയെത്തിയിട്ടുണ്ട്. മാലിന്യ മുക്തം നവ കേരള കാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മികച്ച മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം നടത്തിയതിന് കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രശസ്തി പത്രം നല്‍കി ദാസിനെ ആദരിച്ചിരുന്നു.

കടലുണ്ടി കൃഷി വകുപ്പ് ഭൂമിത്ര അവാര്‍ഡ് നല്‍കി ദാസിനെ ആദരിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മക്കായുള്ള ഗിരിവരം, പുരോഗമന കലാ സാഹിത്യ സംഘം പുരസ്‌ക്കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങളും ദാസിന് ലഭിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പിനു കീഴില്‍ കടലുണ്ടിയില്‍ നടപ്പിലാക്കുന്ന ട്രീറ്റ് പദ്ധതിയുടെ മുഖ്യ പ്രചാരകന്‍ കൂടിയാണ് കെ.സി. ദാസ്. വാവുത്സവത്തിന് മുമ്പായി വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് കെ.സി. ദാസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top