കഥ

ഇക്വഡോറിലേക്കുള്ള എല്ലാ സാമ്പത്തിക സഹായവും
നിർത്തലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് .

മുലയൂട്ടൽ നിർബന്ധമാക്കി കൊണ്ടുള്ള ഇക്വഡോറിന്റെ പ്രചരണമാണ് ഈ അസാധാരണ നടപടിക്ക് പിന്നിൽ . പത്രത്തിലെ ഈ വാർത്ത പ്രകാശന്റെ മനസ്സിൽ പ്രതിഷേധത്തിന്റെ വഴി വെട്ടി പിന്നീടങ്ങോട്ട് കനലെരിയുന്ന മനസ്സുമായാണ് അക്ഷരങ്ങളെ വാരി വായിച്ചത്. ബേബി ഫുഡ് നിർമ്മാതാക്കളുമായുള്ള ട്രംപിന്റെ
ചങ്ങാത്തമാണ് അപൂർവ്വ നടപടിക്ക് പിന്നിലെന്നറിഞ്ഞപ്പോൾ വീണ്ടും പ്രതിഷേധം അണപൊട്ടിയൊഴുകി.

“പ്രകാശാ നിന്നെ കാണാൻ പ്രേമലത ടീച്ചറ് വന്ന്ണ്ട്ടാ,
ആ വിളിയിൽ ഇക്വഡോറിലേക്ക് തുറന്ന് വെച്ച പ്രകാശന്റെ കണ്ണുകൾ ഓട്ടോറിക്ഷയുടെ ഫസ്റ്റ് ഗിയറിലേക്ക് ചെന്നു വീണു.
എന്ത്ന്താ പ്രേമേച്ചി ഒന്ന് ഫോൺ ചെയ്തിരുന്നേ ഞാനങ്ങോട്ട് വരില്ലായിരുന്നോ? “
കൈയ്യിലിരിക്കുന്ന പൊതി പ്രകാശന് നേരേ നീട്ടികൊണ്ട് പ്രേമലത ടീച്ചർ പറഞ്ഞു ഇത് റഹ് മത്ത് ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ബിരിയാണിയാടാ നീയിത് ജയക്കും മകനും കൊടുക്കണേ.
പിന്നീടെന്തോരഹസ്യം പറയാനെന്നവണ്ണം കാറിൽ കയറി ഇരിക്കാൻ പറഞ്ഞു അനുസരണയുള്ള കുട്ടിയെപ്പോലെ പ്രകാശൻ ചെവിവട്ടം പിടിച്ചു.“എടാ പ്രകാശാ എനിക്കൊരു ബാധ കയറിയുട്ടുണ്ടെടാ “
“ബാധയോ!  പ്രകാശന്റെ ഉച്ചവെയിലേറ്റ തളർന്ന കണ്ണുകൾ വിസ്മയത്തോടെ പുറത്തേക്കുന്തി നിന്നു.
അതേടാ,രാത്രിയാവുമ്പം കൂടും, വിറയലും പനിയും ചിലപ്പോൾ ഭ്രാന്ത സ്വപ്നം കണ്ട് ഞെട്ടിയുണരും… ശരിക്കും വീട്ടുജോലിക്കാരി ദാക്ഷായണി പറഞ്ഞ പോലെ ആരോ ചെയ്യിച്ചതാടാ… അവൻ തന്നെ ആയിരിക്കും ഞങ്ങടെ സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവിന്റെ അനിയനാന്ന് പറഞ്ഞിട്ടെന്താ …..പണത്തിലല്ലേ കാര്യം.
പ്രകാശനപ്പോഴും കാര്യങ്ങളുടെ ഗതിയിലേക്ക് ചിന്തകൾ കൊണ്ട് തുഴയുകയായിരുന്നു….
എന്നാലും പ്രേമേച്ചി ഈ ബാധാന്നൊക്കെ പറഞ്ഞാ ആധുനിക കാലത്ത് പ്രത്യേകിച്ച് ഈ സോഷ്യൽ മീഡിയ കാലത്ത് ആരെങ്കിലും കേട്ടാ തന്നെ നാണക്കേടല്ലേ?.
എനിക്കും അതറിയാടാ പക്ഷേ ഇത് ശരിക്കും ഉള്ളതാടാ ഞാൻ പല വഴിക്കും പോയ് നോക്കിയതാ രക്ഷയില്ല നിന്നെ കൊണ്ട് ഇത് മാറ്റാൻ സാധിക്കും.
“എന്നെ കൊണ്ടോ ?”
അതേടാ നിലമ്പൂരിൽ ഏതോ വൈദ്യനുണ്ടെന്നാ കേട്ടത് നീയെന്തായാലും അവിടെ വരെ പോയ് കാര്യങ്ങൾ അന്വേഷിക്കണം
എന്റെ പ്രേമേച്ചി ലോകത്തുള്ള പല കാര്യങ്ങളും ഞാൻ ഏറ്റെടുത്തിട്ടുണ്ട് ബാധപ്രശ്നം ആദ്യായിട്ടാ എന്തായാലും പ്രേമേച്ചി ചെല്ല് ഞാൻ വേണ്ട ഏർപ്പാടുകൾ ചെയ്യാം.

പിറ്റേന്ന് രാവിലെ ബാധ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായ് ഒരു വലിയ കുപ്പിയിൽ വെള്ളം നിറക്കുന്നതിന്റെ ഇടയിലാണ് ഭാര്യ ജയ ചോദിച്ചത്… എന്ത് ന്താന്നിത് രാവിലെ തന്നെ കുപ്പിയും വെള്ളവും .അനക്കെന്താടീ ഞാനൊരു ബാധ ഒഴിപ്പിക്കുകയാ,  ഒരു മര കഷ്ണത്തിന്റെ അടപ്പ് ചെത്തിമിനുക്കി കുപ്പി കഴുത്തിന് പാകമാക്കി പ്രകാശൻ വീണ്ടും പറഞ്ഞു ജയേ… ഞാനിപ്പം നിലമ്പൂർ കാട് കയറികോണ്ടിരിക്കുകയാ നീ കുറച്ച് മഞ്ഞൾ പൊടി ഒന്ന് എട്ക്ക് കാര്യം മനസ്സിലാക്കിയ ജയ ഇടയ്ക്ക് കയറി പറഞ്ഞു എന്തായാലും നിലമ്പൂർ വരെ പോയ് വരേണ്ട സമയമുണ്ടല്ലോ… പ്രകാശേട്ടാ, എനിക്ക് കുറച്ച് വായിക്കാനുണ്ട് നിങ്ങള് മീൻ കറി വെക്കണേ
ഓ പിന്നെന്താ….
വെള്ളത്തിൽ മഞ്ഞൾ പൊടി കലക്കി കുപ്പിയിലാക്കി അടപ്പിട്ട് ഭദ്രമായ് വെക്കുന്നതിനിടയിൽ പ്രേമേച്ചിയുടെ ഫോൺ….
എന്തായെടാ?
ഞാനിപ്പം വൈദ്യന്റെ അടുത്തെത്തി പ്രേമേച്ചി. പിന്നെ ഇവിടുന്നൊരു കുപ്പിവെള്ളം തരും അത് ബാധ കയറിയവരുടെ ദേഹത്ത് ഒഴിച്ചാൽ മതീന്നാ പറഞ്ഞത് . വൈകുന്നേരം ഞാനങ്ങെത്തും .ആണോടാ ഞാൻ കാത്തിരിക്കാം.  അടുക്കളയിൽ നിന്ന് മീൻ നന്നാക്കുന്നതിനിടെ പ്രേമേച്ചി വീണ്ടും വിളിച്ചു……നീ എത്താറായോ?
പിന്നെ ഞാൻ വീട്ടിൽ തന്നെ കാത്തിരിക്കാം മുഴുവൻ ബാധയും എന്റെ ശരീരത്തിൽ നിന്ന് പോകണ്ടെടാ അതു കൊണ്ട് തുണിയൊന്നും ധരിക്കാതെ മുറിയിലിരിക്കും. നിന്റെ നോട്ടം കുലീനമാണെന്നെനിക്കറിയാം അതുകൊണ്ട് നഗ്നത എന്നിൽ അസ്വസ്ഥത ഉണ്ടാക്കില്ല. എന്റെ പ്രേമേച്ചി ഞാനതിന് കുലത്തിൽ പിറന്നവനൊന്നുമല്ല മാത്രമല്ല ചന്ദ്രലേഖ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന പോലെ ഞാൻ നല്ല നായരുമല്ല പക്ഷേ… എനിക്ക് തിരിച്ചറിവുണ്ട് പ്രേമേച്ചി. എന്തായാലും തുണി ധരിച്ച് തന്നെ കാത്തിരുന്നോളൂ മരുന്ന് ഫലിക്കാതിരിക്കില്ല.

വൈകുന്നേരമാകുമ്പോഴേക്കും യാത്രാ ക്ഷീണത്തിന്റെ ഭാവം വരുത്തി പ്രകാശനെത്തി. മുറിയുടെ വാതിൽ മലർക്കെ തുറന്ന് കിടപ്പുണ്ടായിരുന്നു. സൗന്ദര്യങ്ങൾ കുഴച്ചുണ്ടാക്കിയ ശില്പം പോലെ …പാതി നഗ്നയായ് പ്രേമേച്ചി അനങ്ങാതെ നിന്നു……കുപ്പിയുടെ അടപ്പ് മാറ്റി ആ ഭംഗിയുള്ള ശരീരത്തിലേക്ക് തുര്തുരാ വെള്ളം കുടഞ്ഞു .പ്രകാശൻ… മഞ്ഞ വെള്ളം കലർന്നപ്പോൾ വെളുത്ത ശരീരം ഒന്നു കൂടെ മനോഹരമായ് കണ്ണുകളടച്ച് പ്രാർത്ഥിച്ചോളാൻ പറഞ്ഞ് ഓട്ടോറിക്ഷയുമായ് പ്രകാശനിറങ്ങി.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ പ്രേമേച്ചിയുടെ ഫോൺ,
എടാ പ്രകാശാ… ബാധ പോയെടാ…
പുറത്തേക്ക് വന്ന ചിരി ഉള്ളിൽ കുടഞ്ഞിട്ട് പ്രകാശൻ പറഞ്ഞു
ഞാൻ പറഞ്ഞില്ലേ ഫലിക്കൂന്ന്.
പ്രേമേച്ചി സന്തോഷത്താൽ നിർത്താതെ ചിരിക്കുന്നതിനിടയിൽ മറ്റൊരു കാര്യം കൂടി പറഞ്ഞു. എനിക്ക് നിന്നോട് ഒരടിയന്തിര കാര്യം പറയാനുണ്ട് നീ  വൈകീട്ട് അളകാപുരിയിൽ എത്തുമോ?
ഒരു വാർഡ് മീറ്റിങ്ങുണ്ട് പേമേച്ചി…
അർജൻറാടാ …നീ എങ്ങനേലും വരാൻ നോക്കെടാ.
അളകാപുരിയുടെ ഇരുളിമയിൽ മുറ്റത്തെ പുൽത്തകിടിലേക്ക് മഴത്തുള്ളി ഇറ്റിറ്റു വീഴുന്നത് നോക്കി പ്രേമേച്ചി പ്രകാശനെ കാത്തിരുന്നു…
എന്താടാ നീയിത്ര വൈകിയത്?
ഒന്നുമില്ല പ്രേമേച്ചി മെഡിക്കൽ കോളേജിലെ ഒരു രോഗിക്ക് എനെഗറ്റീവ് രക്തം വേണായിരുന്നു  അതിന്റെ ഒരു കഷ്ടപ്പാട് അവസാനം സംഘടിപ്പിച്ചു.
ഓഹോ! അതായിരുന്നോ?
ചായക്ക് ഓർഡർ കൊടുക്കുന്നതിനിടയിൽ പ്രേമേച്ചി ചോദിച്ചു, നിനക്ക് വേറേന്തേലും വേണെടാ?
എന്റെ പ്രേമേച്ചി ആളുകൾക്കിടയിലല്ലേ ഞങ്ങളെ പോലുള്ളവരുടെ ലഹരി…..
അതിരിക്കട്ടെ എന്താ അടിയന്തിര കാര്യം?
അതേയ്, എനിക്കാ കോയാ റോഡിലുള്ള മാരുതിയുടെ ഷോറൂമിൽ ജോലി ചെയ്യുന്ന ആളെ കുറിച്ച് ചില വിവരങ്ങൾ അറിയാനുണ്ട്. മോഹൻകുമാർ എന്നാണ് പുള്ളിയുടെ പേര് .മൂന്ന് മാസം മുമ്പ് വരെ അയാളവിടെ ഉണ്ടായിരുന്നു അയാളിപ്പം അവിടെണ്ടോന്ന് അന്വേഷിക്കണം.
” ഇതാണോ ഇത്ര വലിയ കാര്യം “
അതല്ലെടാ, എനിക്ക് വലിയതുക തരാനുണ്ടെടാ..നീയാദ്യം അന്വേഷിക്ക്
അതിനെന്താ മ്മളെ ബഷീറിന്റെ അനിയൻ സജീബില്ലേ അവിടെ
നമുക്കിപ്പോ തന്നെ വിളിക്കാലോ…
പ്രകാശന്റെ അന്വേഷണത്തിൽ മോഹൻകുമാർ തെളിഞ്ഞ് വന്നു.
മുഴുനീളെ കടം, ഭാര്യ മരിച്ചു, മക്കളവരുടെ വഴിക്ക് പോയ് പോരാത്തതിന് ചെറിയൊരു ആക്സിഡൻറും പറ്റി ഇപ്പോളയാൾ ഏതോ ഓർഫനേജിലോ മറ്റോ ആണെന്നുള്ള വിവരത്തെ കൂടാതെ അപേക്ഷയുടെ രൂപത്തിൽ പൈസക്ക് അന്വേഷിച്ച് പോകരുത് എന്ന അധികവിവരവും കിട്ടി.
പ്രേമേച്ചി… അയാളിപ്പം അവിടെയില്ല. പ്രകാശന്റെ വാക്കുകളെ അതീവ നിരാശയോടെയാണ് പ്രേമേച്ചി ശ്രവിച്ചത്.
വലിയ കഷ്ടപ്പാടിലാ പ്രേമേച്ചി അയാള് …. തൽക്കാലം വിട്ടേക്ക്… നമുക്ക് പിന്നീട് വാങ്ങിയാൽ പോരെ?
അതല്ലെടാ തൽക്കാലം എനിക്ക് പൈസ വേണ്ടെടാ
ഒന്ന് കാണണം….. രണ്ട് വർത്തമാനം പറയണം…. ഇമ്മളയങ്ങ് പറ്റിച്ച് മുങ്ങാമെന്ന് വിചാരിക്കരുതല്ലോ….

പ്രേമേച്ചിയുടെ നിർബന്ധത്തിന് വഴങ്ങി മോഹൻ കുമാറെ കുറിച്ചു കൂടുതൽ അന്വേഷിച്ചറിഞ്ഞു പ്രകാശൻ.
അയാളിപ്പോഏതോ സുഹൃത്തിന്റെ സഹായത്താൽ കർണ്ണാടകയിലെ ഉപ്പിലങ്ങാടിക്കടുത്ത് മേരി മാതാ എസ്റ്റേറ്റിലെ റൈട്ടറാണ് .എന്തായാലും അയാളെ കാണണമെന്ന ആഗ്രഹത്താൽ പ്രേമേച്ചിയും പ്രകാശനും കണ്ണൂർ കടന്ന് ചെർക്കള വഴി പുത്തൂരിൽ നിന്ന് ഉപ്പിലങ്ങാടിയിലേക്ക് തിരിച്ചു.
യാത്രയ്ക്കിടയിൽ പ്രകാശന്റെ ഫോൺ ശബ്ദിച്ചു,
ആരാടാ അത്?
ഏയ് അത് നമ്മുടെ ജോർജേട്ടനാ…. മൂപ്പറെ മകൾക്ക് നിപ ബാധിച്ച കാലത്ത്  ഞാനാ ആശുപത്രിയിൽ കൊണ്ടുപോയത് .മോളുടെ വിവാഹക്കാര്യം…. ഞാനും ഒപ്പം പോണോന്ന്.
നീയി സൂര്യന് താഴെയുള്ള സകല കാര്യങ്ങളും ഏറ്റെടുക്കും അല്ലെടാ…? അതൊക്കെയല്ലേ ജീവിതത്തിന്റെ ലഹരി പ്രേമേച്ചി.
നേതൃത്വ ലഹരി തലക്ക് പിടിക്കാത്തോളം കാലം ഞാനിങ്ങനെയൊക്കെ ജീവിക്കും.
അതിരിക്കട്ടെ, പ്രേമേച്ചിക്ക് അയാൾ എത്ര രൂപ തരാനുണ്ട്?
സംഖ്യ പറയാനാവാതെ എണ്ണിയിട്ടും തീരാത്ത പ്രേമേച്ചിയുടെ നേർക്ക് വിസ്മയത്തോടെ പ്രകാശൻ നോക്കി…..
പ്രകാശാ  …..
ഞാനങ്ങോട്ടാടാ കൊടുക്കാനുള്ളത്….
എന്തൂത്താ ഇങ്ങള് പറേന്നേപ്രേമേച്ചി…?
ആശ്ചര്യത്തോടെ നിന്ന പ്രകാശന്റെ ഫോൺ പിന്നേയും ശബ്ദിച്ചു
പ്രകാശേട്ടാ ബഷീറാ…മനസ്സിലായെടാ
മറ്റന്നാള് അനിലിന്റെ പെങ്ങളെ കല്യാണമല്ലേ? ഓന്റെ ഉപ്പൂപ്പാക്ക് കൊടുക്കുന്നത് ഇന്നല്ലേ..?
” ഉപ്പൂപ്പയല്ലെടാ മുത്തപ്പനാ”
രണ്ടും ഒന്നു തന്നെയല്ലേ?
ഇത് പറശ്ശിനിക്കടവ് മുത്തപ്പനാടാ
എന്തായാലും വേണ്ടില്ല “നമ്മളെ അനിലിന്റെ പെങ്ങള് ഇമ്മളേയും പെങ്ങളല്ലേ” ഞാൻ അങ്ങോട്ട് പോവ്വാണ് . നിങ്ങളെവിടെയാണ്?
ഞാനൊരു യാത്രയിലാടാ…നാളെയേ എത്തൂ. പാചകം നമ്മളൊക്കെ ചേർന്നാണ് മറക്കണ്ട പ്രകാശൻ ഓർമ്മിപ്പിച്ചു.

ഫോൺവെച്ച് പ്രേമേച്ചിയിലേക്ക് വന്ന പ്രകാശൻ എനിക്കിങ്ങള് പറഞ്ഞത് മനസ്സിലായില്ല. അൽപം വിഭ്രമത്തോടെ പ്രകാശൻ പറഞ്ഞു.
അപ്പോളവർ സഞ്ചരിച്ച കാർ നേത്രാവതി പുഴ കടക്കുകയായിരുന്നു. വേലിയേറ്റത്തോടൊപ്പം പ്രേമേച്ചിയുടെ ഓർമ്മകളുമൊഴുകി… പുഴയിൽ നിന്ന് അരുവിയിലേക്ക് വൃക്ഷങ്ങളുടെ വേര് കാത്ത മലകളിലേക്ക് എത്ര പ്രളയം വന്നാലും അതിജീവിക്കാൻ പാകത്തിൽ വൃക്ഷത്തലപ്പിൽ ഇന്നുമുണ്ടാവണം അയാളെ കാത്തു വെച്ച എന്റെ കരുതൽ…..
പിറുപിറുക്കുന്ന പോലെ പ്രേമേച്ചി തുടർന്നു…
എടാ, നിനക്കറിയില്ലേ ഞാൻ എന്റെ വീടിനടുത്ത് എയ്ഡഡ് ഹയർ സെക്കണ്ടറിയിൽ ടീച്ചറാന്ന് അങ്ങനെയാവാൻ ഒരു കാരണമുണ്ട് .അന്ന് പണത്തിന് പുറമെ യോഗ്യത ആയിരുന്നു മാനദണ്ഡം. ഇന്റർവ്യൂവിൽ ഒന്നാമൻ മോഹൻകുമാറായിരുന്നു …പക്ഷേ… എനിക്ക് വേണ്ടി അയാൾ പിൻ വാങ്ങി. ഞാനവിടെ ടീച്ചറായ് ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ വിധി അനുവദിച്ചില്ല. ഒരു പ്രളയത്തിൽ രണ്ട് വഴിക്ക് പിരിഞ്ഞ പുഴ പോലെ ഞങ്ങൾ രണ്ട് വഴിക്ക് നടന്നു….. ഇരുപത് വർഷത്തിലേറെയായെടാ ഒന്ന് കണ്ടിട്ട് …..ഓർമ്മകൾ ചേർന്ന് കുലുങ്ങിയ കാറിന് നേരെ ഒരാൾക്കൂട്ടം കൈ കാണിച്ചു.
” കാശ് കൊറലേ ,കാശ് കൊറലേ” നാഗര ഉച്ചു സൈത്തിണ്ട്
കാശ് കൊറലേ “
പറയുന്ന കാര്യം മനസ്സിലാവോത്തോണ്ട് സമീപത്തുള്ള ചായക്കടക്ക് സമീപം കാർ ചേർത്ത് നിർത്തി.
കാസർകോഡ് കാരനായിരുന്നു ചായക്കടക്കാരൻ…അയാളിൽ നിന്നാണ് കാര്യങ്ങൾ മനസ്സിലായത്.
“ഇവിടെ ഒരു മൂർഖൻ ചത്ത് കിടക്കുന്നുണ്ട് ഈ നാട്ടുകാർ ദൈവത്തെ പോലെ ആരാധിക്കുന്ന ജീവിയാണത്.
മനുഷ്യർ മരിച്ചാൽ കഴിക്കുന്ന ചടങ്ങ് പോലെ തന്നെ ഇവ മരിച്ചാലും കഴിക്കണം. കുറേ ചെലവുണ്ട് വഴിയിൽ ചത്ത് കിടന്നതു കൊണ്ട് വഴിയാത്രക്കാരും ചെലവ് വഹിക്കണമെന്നാ ഇവിടുത്തെ നിയമം. ആരെയെങ്കിലും പറമ്പിലാണെങ്കിൽ അയാൾ തന്നെ വഹിക്കണം… പുല കഴിയുന്നത് വരെ വീട്ടിൽ തന്നെ ഇരിക്കുകയും വേണം.
“ഓരോരേ ആചാരങ്ങളേയ് ” പ്രകാശൻ കൂടുതൽ സംസാരിക്കുന്നതിന് മുമ്പ് എസ്റ്റേറ്റിലേക്കുള്ള വഴി ചോദിച്ച് വണ്ടി വിടാൻ പറഞ്ഞു പ്രേമേച്ചി.

റം പൂട്ടാൻ മരങ്ങൾ സമൃദ്ധമായ് നിറഞ്ഞ മേരി മാതാ എസ്റ്റേറ്റിലേക്ക് കാസർകോഡൻ കവുങ്ങ് വഴിനട്ട പാതയിലൂടെ റൈട്ടർ മനയിലേക്ക്….. കയറി ചെന്നു കോളിങ്ങ് ബെല്ലടിച്ചു. ആരും വാതിൽ തുറന്നില്ല… വീണ്ടുമടിച്ചു… കുറേ സമയത്തിനു ശേഷം മുഴുവൻ തകർന്ന ഭാവങ്ങളും മുഖത്ത് തന്നെ വിൽക്കാൻ വെച്ച ഒരാൾ വാതിൽ തുറന്നു ഒറ്റനോട്ടത്തിൽ വ്യദ്ധനെന്നേ പറയൂ…
ആരാ?
വല്ലാത്തൊരു പരിഭ്രമം അയാൾക്കുണ്ടായിരുന്നു….
അയാൾ മാറി മാറി നോക്കി….
മോഹനേട്ടാ…. പ്രേമലതയാണ്
മരണാനന്തരം മോഹൻ കുമാറിന്റെ പേരിൽ പൊഴിയേണ്ട ഒരില നിശ്ശബ്ദമായ് പൊഴിഞ്ഞു വീണു….
അവർക്കിടയിൽ പരസ്പരം കാണാതെ പോയവർഷങ്ങൾ മറഞ്ഞു വീണു .ഒന്നും പരസ്പരം സംസാരിക്കാനാവാതെ നിന്ന നിമിഷങ്ങൾ .പക്ഷേ ഹൃദയങ്ങൾ തമ്മിൽ കൈമാറിയത്കഴിഞ്ഞ കാലം മുഴുവനുമായിരുന്നു….പെയിന്റ് മാഞ്ഞു പോയ ചുമരിമ്മേൽ മുറ്റത്തെ പേരക്കമരത്തിന്റെ സംസാരിക്കാനാവാത്ത ഇലകളുടെ നിഴലുകൾ ചെറിയ കാറ്റടിച്ചപ്പോൾ പരസ്പരം പുണർന്നു. വാതിൽപ്പോളയിൽ നിന്ന് തെന്നിപ്പോയ മോഹൻകുമാറിന്റെ കൈകൾ സഹാനുഭൂതിയോടെയല്ല ഹൃദയ വാഴ്വിനാൽ പ്രേമലത ചേർത്തു പിടിച്ചപ്പോൾ. പ്രേമേ …… ആ വിളിയിൽ അയാളുടെ നാവിലേക്ക് മധുരം ഇരച്ചു കയറിയിരുന്നു ….കണ്ണുകൾ കൊണ്ട് ഓർമ്മകളെ കപ്പലോടിച്ചു മുറ്റത്തെ ജാതി മരത്തിലെ പൂവുകൾ ആകാശത്തൂടെ പറന്നു….. പലതും പലതും ഇരുവർക്കും പറയണമെന്ന് തോന്നി……..ചലനം മറന്ന അയാളുടെ കാൽവിരലുകൾ അനങ്ങി തുടങ്ങി പ്രേമേച്ചി നിർത്താതെ കരഞ്ഞു. വർഷങ്ങളായ് ചിരിച്ചിട്ടില്ലാത്ത അയാളുടെ ചുണ്ടുകൾ ഏറ്റവും മധുരമായ ചിരിക്ക് വഴിമാറുകയായിരുന്നു.
ഉള്ളിലേക്ക് കുഴിഞ്ഞു പോയ അയാളുടെ കണ്ണുകൾ പുറത്തേക്ക് പതുക്കെ പതുക്കെ വരുന്നത് പോലെ തോന്നി. ചെമ്പക പൂവുകളിലെ മധുരഗന്ധത്തെ വഹിച്ച കാറ്റ് പ്രകാശനെ ഗാലറിയിലിരുത്തി. സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടാതിരിക്കാൻ കറുത്ത കരയുള്ള മുണ്ട് മാടി കുത്തി അവർക്കിടയിൽ നിന്ന് പ്രകാശൻ മുറ്റത്തേക്കിറങ്ങി.

വർഷങ്ങളായ് തുറന്നിട്ടില്ലാത്ത ഇടുക്കി ഡാമിലെ ഷട്ടറുകൾ തുറന്നപ്പോൾ പാൽനുര പോലെ ഒഴുകിയ വെള്ളത്തെ വെറുതെ ഓർത്ത് കൊണ്ടിരുന്നയാൾ…
” ഞാൻ നോക്കി കൊള്ളാം മരണം വരെ മോഹനേട്ടാ… എന്റെ കൂടെ പോരുമോ ?”പ്രേമേച്ചി പറഞ്ഞ വാചകങ്ങളെ…. വികാരത്തെ കെട്ടിപ്പിടിക്കാൻ തോന്നി പ്രകാശന് ….അത്രമേൽ ആവശ്യമായിരുന്ന വാക്കുകൾ മോഹൻകുമാറിന് ചുറ്റും ആശ്വാസമായ് പെയ്തു. തോട്ടത്തിലെ റമ്പൂട്ടാൻ പഴങ്ങളിൻമേൽ മുള്ള് വലപോലെ ചുവന്ന നിറത്തിൽ ആവരണ കുപ്പായം അണിഞ്ഞിട്ടുണ്ടായിരുന്നു.
അവയിലേക്ക് നോട്ടം മാറ്റി മോഹൻകുമാർ പറഞ്ഞു
“ഞാൻ വരുന്നില്ല പ്രേമേ നീയുണ്ട് എന്ന പ്രതീക്ഷയുണ്ടല്ലോ അത് മാത്രം മതി എനിക്ക് ജീവിക്കാൻ…… “
മറ്റനേകം വിശേഷങ്ങളും പറഞ്ഞിറങ്ങുമ്പോൾ ജീവിതത്തിന്റെ ഏതോ സുന്ദരമായഘട്ടം കഴിഞ്ഞ പോലെ തോന്നി. അതിനിടയ്ക്ക് പ്രകാശന്റെ കണ്ണുകൾ കണ്ടു പിടിച്ച രഹസ്യം പറഞ്ഞപ്പോൾ പ്രേമേച്ചി എല്ലാ അർത്ഥത്തിലും കരയുകയും ചിരിക്കുകയും ചെയതു.
പ്രേമേച്ചിയും പ്രകാശനും റൈട്ടർ മനയുടെ പടവുകൾ കയറുന്നതിന് തൊട്ട് മുമ്പ് നിരാശയും ജീവിത വിരക്തിയും കുത്തിനിറച്ച മനസ്സുകൊണ്ട് വിഷം ചേർത്ത ചോറ് കുഴക്കുകയായിരുന്നു  മോഹൻ കുമാർ. ഇപ്പോളയാൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ ചോറ് കൊത്തിതിന്ന കോഴി ചത്ത് കിടന്നു…വിഷം പുരട്ടാത്ത പ്രതീക്ഷയുടെ വറ്റ് മണികൾ മോഹൻകുമാറിനെ കാത്ത് കിടന്നു…..

Related Articles