
ലണ്ടൻ: നാറ്റോ (നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO) വെറും കടലാസ് പുലിയാണെന്നും സഖ്യത്തിൽ നിന്നും അമേരിക്ക പുറത്ത് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിക്ക് സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് ഈ കാര്യം ആലോചിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയത്. നാറ്റോ സഖ്യം ഒരു ‘കടലാസ് പുലി’ മാത്രമാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിന് പിന്നാലെ ജലപാതയിലെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസ് ആവശ്യത്തെ നാറ്റോ സഖ്യകക്ഷികൾ നിരസിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാനെതിരായ സൈനിക നടപടിയെ സഖ്യം പിന്തുണച്ചില്ല. യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ‘ഞാൻ ഒരിക്കലും നാറ്റോയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, റഷ്യൻ പ്രസിഡന്‍റ് പുടിനും അതറിയാം ‘ എന്നായിരുന്നു ട്രംപിന്റെ മറുപടി. നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




