ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്‌ കനയ്യ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

kanhaiya-kumar-hospitalന്യൂദല്‍ഹി: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെ.എന്‍.യുവില്‍ നടന്ന വിവാദ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരം നടത്തിവരുകയാണ്‌ കനയ്യ കുമാര്‍.

ഇന്നലെ രാവിലെയാണ് കനയ്യയുടെ ആരോഗ്യസ്ഥിതി വഷളായത്. തുടര്‍ന്ന് സര്‍വകലാശാലയില്‍ തന്നെയുള്ള ആശുപത്രിയിലും പിന്നീട് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് എയിംസിലേക്കും മാറ്റി. ആശുപത്രിയിലും കനയ്യ നിരാഹാരം തുടരുകയാണ്.

അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കനയ്യയ്‌ക്കൊപ്പം എട്ടു ദിവസമായി നിരാഹാര സമരം നടത്തുന്ന 19 വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയും വിഷളായിട്ടുണ്ട്. തുടര്‍ച്ചയായി ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് കനയ്യയെ ആശുപത്രിയിലേക്ക് മാറ്റിയത്. കനത്ത ചൂടില്‍ നിരാഹാരം അനുഷ്ഠിക്കുന്നത് ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ഡോക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കനയ്യ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി മതിയായില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ച് എ.ബി.വി.പി നേതാക്കളും നിരാഹാരം സമരം നടത്തിയിരുന്നു. അധികൃതരില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ചൂണ്ടിക്കാട്ടി ഇവര്‍ ഇന്നലെ സമരം പിന്‍വലിച്ചു.

Related Articles