Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്...

മലപ്പുറം: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഇന്‍ ചാര്‍ജ്) ഡോ.മുഹമ്മദ് ഇസ്മായില്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി വേഗത്തില്‍ വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകള്‍ ഒഴിവാക്കാനും ഡി.എം.ഒ നിര്‍ദേശിച്ചു. ജനങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരാകണം. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിനോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മഞ്ഞപ്പിത്തത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടങ്ങളില്‍ രോഗത്തിനെതിരെയുള്ള ബോധവത്കരണ ക്ലാസുകള്‍ ശക്തമാക്കും. രോഗബാധിത പ്രദേശങ്ങളിലെ ജലസ്രോതസ്സുകളില്‍ സൂപ്പര്‍ ക്ലോറിനേഷനും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.

sameeksha-malabarinews

മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറല്‍ രോഗമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. കിണറിലെ വെള്ളം മലിനമാകുമ്പോള്‍ അതു വഴിയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും വിവാഹ വേളകളിലും മറ്റും ഉപയോഗിക്കുന്ന കൊമേഴ്സ്യല്‍ ഐസിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേനയുമാണ് മഞ്ഞപ്പിത്തം പ്രധാനമായും പടരുന്നത്.
രോഗലക്ഷണങ്ങള്‍
പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛര്‍ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിര്‍ണയം പൂര്‍ണമായി സ്ഥിരീകരിക്കാനാവൂ. സാധാരണഗതിയില്‍ രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോള്‍ ഇത് ഒരാഴ്ച മുതല്‍ മൂന്നാഴ്ചവരെയാവാം.
മുന്‍കരുതലുകള്‍
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക, മല മൂത്ര വിസര്‍ജ്ജനത്തിനു ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കുക. സെപ്റ്റിക് ടാങ്കും കുടിവെള്ള സ്രോതസ്സും തമ്മില്‍ നിശ്ചിത അകലമുണ്ട് എന്ന് ഉറപ്പു വരുത്തുക. രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഒന്നര മാസം കൊണ്ട് അസുഖം പൂര്‍ണമായും ഭേദമാകും. വിവാഹങ്ങള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ നല്‍കുന്ന വെല്‍കം ഡ്രിങ്ക്, കടകളില്‍ വില്‍ക്കുന്ന ശീതള പാനീയങ്ങള്‍ എന്നിവയില്‍ കോമേഴ്സ്യല്‍ ഐസ് ഉപയോഗിക്കുന്നില്ലെന്നും ശുദ്ധ ജലമാണ് ഉപയോഗിക്കുന്നത് എന്നും കൃത്യമായി ഉറപ്പുവരുത്തണം. രോഗവസ്ഥയില്‍ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കാം. എരിവ്, പുളി, മസാല, എണ്ണയില്‍ വറുത്തവ, കൊഴുപ്പ് കൂടിയവ എന്നിവ ഒഴിവാക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!