ജപ്പാന്‍ ജ്വര പ്രതിരോധം: ജില്ലയില്‍ ജനുവരി മുതല്‍ വാക്സിനേഷന്‍ തുടങ്ങും, എല്ലാ കുട്ടികള്‍ക്കും ജെ.ഇ. വാക്സിന്‍ നല്‍കണം : ഡി.എം.ഒ

ജപ്പാന്‍ ജ്വരത്തെ ചെറുക്കാന്‍ പ്രതിരോധ വാക്സിനുമായി ആരോഗ്യവകുപ്പ്. ജെന്‍വാക് എന്ന പേരിലുള്ള വാക്സിനേഷന്‍ ഒന്ന് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളില്‍ നടത്താന്‍ തീരുമാനം. മലപ്പുറം,കോഴിക്കോട് ജില്ലകളിലായാണ് വാക്സിനേഷന്‍ തുടങ്ങുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ 2009 മുതല്‍ രണ്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന വാക്സിന്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. നിലവില്‍ സംഘടിത പ്രവര്‍ത്തനമായി നടത്തുന്ന വാക്സിനേഷന്‍ സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ചാണ് നടപ്പാക്കുക.

വാക്സിനേഷന്‍ വിജയകരമായി നടത്താന്‍ ആരോഗ്യവകുപ്പിന് വിദ്യാലയ അധികൃതരുടെയും രക്ഷിതാക്കളുടെയും സമ്പൂര്‍ണ്ണ സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദ്ദേശിച്ചു. കളക്ടറുടെ ചേംബറിൽ ചേര്‍ന്ന ഹെല്‍ത് ടാസ്‌ക് ഫോഴ്സ് മീറ്റിങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.കെ. ജയന്തി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ ഷിബുലാല്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഡപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡി.എസ. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സിംഗിൾ ഇന്‍ഞ്ചക്ഷനായ വാക്സിനേഷന്‍ ജനുവരി മുതല്‍ മെയ് വരെ ക്യാംപയിനായാണ് നടത്തുക. ജനുവരി മുതല്‍ സ്‌കൂളുകള്‍ വഴിയും മാര്‍ച്ചില്‍ അങ്കണവാടികള്‍ വഴിയും നടത്തും. അഞ്ച് ലക്ഷത്തോളം വാക്സിന്‍ ജില്ലയില്‍ എത്തിക്കഴിഞ്ഞു.

ജപ്പാനീസ് എന്‍സഫലൈറ്റിസിനെതിരെ (ജപ്പാന്‍ ജ്വരം) ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് ജെ.ഇ. വാക്സിന്‍ നല്‍കണമെന്നും ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു. ജപ്പാനീസ് എന്‍സഫലൈറ്റിസ് ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു.

കൊതുകുകള്‍ വഴി പകരുന്ന ഒരു ഗുരുതര വൈറസ് രോഗമാണ് ജപ്പാനീസ് എന്‍സഫലൈറ്റിസ്. തലച്ചോറിനെ ബാധിക്കുന്ന ഒരു ഗുരുതര രോഗാവസ്ഥയാണിത്. പ്രത്യേകിച്ച് കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. തീവ്രമായ പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പിടിപ്പെട്ടാല്‍ ചികിത്സയില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ വാക്സിന്‍ ലഭ്യമാണ്. വളരെ വിലകൂടിയ വാക്സിന്‍ തികച്ചും സൗജന്യമായി 1-15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും നല്‍കുന്ന പരിപാടി ജനുവരിയില്‍ ജില്ലയില്‍ ആരംഭിക്കും.

കൊതുകു വളരുന്നതിനുള്ള സാഹചര്യം തടയുക, വീടിനകത്തും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്, കൊതുകുവല, കൊതുകിനെ അകറ്റുന്നതിനുള്ള ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക, പരിസര ശുചിത്വം പാലിക്കുക, കുട്ടികള്‍ക്ക് നിര്‍ദ്ദേശിച്ച വാക്സിനുകള്‍ യഥാസമയം നല്‍കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.

പരിപാടിയില്‍ പരിശീലനത്തിന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍ നേതൃത്വം നല്‍കി.ആരോഗ്യവകുപ്പിലെ ഫീല്‍ഡ് സൂപ്പര്‍ വൈസര്‍മാര്‍, എപ്പിഡമോളജിസ്റ്റ്, എന്‍ഡമോളജിസ്റ്റുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. വി. ഫിറോസ് ഖാന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡി.എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top