കോഴിക്കോട്: നഗരവാസികള്‍ക്ക് സന്തോഷകരമായ സായാഹ്നങ്ങള്‍ ചെലവഴിക്കുന്നതിനായി സ്‌നേഹാരാമങ്ങളും ഹാപ്പിനെസ്സ് പാര്‍ക്കുകളും നിര്‍മ്മിക്കുക എന്ന സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശമനുസരിച്ച് കൊയിലാണ്ടി നഗരസഭ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച യു എ ഖാദര്‍ സാംസ്‌കാരിക പാര്‍ക്ക് കൊയിലാണ്ടി
ബസ്റ്റാന്‍ഡിന്റെ കിഴക്കുവശത്ത് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പൊതു ഇടങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമായ കാലത്താണ് നാമെന്ന് മന്ത്രി പറഞ്ഞു.
സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ വിവിധ കൂടിച്ചേരലുകള്‍ സമൃദ്ധമാക്കിയ സംസ്‌കാരമാണ് നമ്മുടേത്. എന്നാല്‍
ഒരു ഘട്ടത്തില്‍ ഈ കൂടിച്ചേരലുകള്‍ ഇല്ലാതായി. പൊതു ഇടങ്ങള്‍ ഇല്ലാതെ പോയതാണ് അതിന് കാരണം.
കൊയിലാണ്ടി നഗരസഭയുടെ പുതിയ സംരംഭം മാതൃകയും മറ്റ് തദ്ദേശസ്ഥാപനങ്ങക്ക് പ്രചോദനവുമാണെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
നഗരസഭയ്ക്ക് കീഴില്‍ യാഥാര്‍ത്ഥ്യമാകുന്ന മൂന്നാമത്തെ പാര്‍ക്ക് ആണിത്. നഗരസഭ ഫണ്ടിനു പുറമെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയും സ്‌പോണ്‍സര്‍ഷിപ്പോടെയുമാണ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുന്നത്. പന്തലായനിയുടെ കഥാകാരന്‍ യു എ ഖാദറിന്റെ സ്മരണാര്‍ത്ഥമുള്ള പാര്‍ക്കിന് വ്യവസായി ബാലന്‍ അമ്പാടിയാണ് പിന്തുണ നല്‍കിയത്.
പരിപാടിയില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു. ബാലന്‍ അമ്പാടി ഉപഹാരം സ്വീകരിച്ചു.
നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ എ ഇന്ദിര, കെ ഷിജു, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവര്‍ സംസാരിച്ചു.





