HIGHLIGHTS : Israeli airstrikes in southern Lebanon
ബെയ്റൂട്ട്: പേജര്‍, വോക്കിടോക്കി സ്ഫോടന പരമ്പരകള്‍ ഉലച്ച ലബനനില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഹിസ്ബുല്ല സംഘടനയുടെ സെക്രട്ടറി ജനറല്‍ ഹസ്സന് നസ്രല്ല ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനു മുന്‍പായിരുന്നു തെക്കന്‍ ലബനനില്‍ ആക്രമണം. യുദ്ധ പ്രഖ്യാപനമാണിതെന്ന് ഹസ്സന് നസ്രല്ല പറഞ്ഞു.
രാജ്യമെമ്പാടും ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് നിരവധിപേര്‍ കൊല്ലപ്പെട്ടതോടെ ഭീതിയുടെ മുള്‍മുനയില്‍ ലബനന് ജനത. രണ്ട് ദിവസമായി ലബനനെ പിടിച്ചുകുലുക്കിയ സ്ഫോടന പരമ്പരകളില്‍ മരണം 37 ആയി. മൂവായിരത്തോളം പേര് പരിക്കേറ്റ് ചികിത്സയിലാണ്. 287 പേര് ഗുരുതരാവസ്ഥയില്‍. വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകളിലും പേജര്‍, വാക്കി ടോക്കി എന്നിവ വിലക്കി. സംശയകരമായ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിക്കാന്‍ ബോംബ് സ്ക്വാഡിനെ നിയോഗിച്ചു. രാജ്യത്ത് വ്യാപകമായി മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നു. ഏത് സമയത്തും എവിടെയും സ്ഫോടനം ഉണ്ടാകുമെന്ന ഭീതി നിലനില്ക്കുന്നു.
ലബനീസ് സായുധസംഘമായ ഹിസ്ബുള്ളയെ ലക്ഷ്യംവച്ചാണ് സ്ഫോടനം നടത്തിയതെങ്കിലും നൂറുകണക്കിന് സാധാരണക്കാര്‍ക്കും പരിക്കേറ്റു. ഒരേ സമയം നാലായിരത്തോളം പേജറുകളാണ് രാജ്യത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ പൊട്ടിത്തെറിച്ചത്. കുട്ടികള്‍ അടക്കമുള്ളവര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ക്കിടെയാണ് തൊട്ടടുത്തദിവസം വാക്കിടോക്കി സ്ഫോടന പരമ്പര ഉണ്ടായത്. പരിക്കേറ്റവരില്‍ 60 ശതമാനം പേര്‍ക്കും കണ്ണിനും മുഖത്തുമാണ് പരിക്ക്. നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി, വിരലുകള്‍ അറ്റു. ലബനന്റെ പരമാധികാരത്തിന്മേലുള്ള കടന്നാക്രമണമാണ് നടക്കുന്നതെന്നും ഇസ്രയേലിന്റെ യുദ്ധവ്യാപന സൂചനയായി ഇപ്പോഴത്തെ സാഹചര്യങ്ങളെ കാണേണ്ടിവരുമെന്നും ലബനന് പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദാണ് ആക്രമണത്തിന് പിന്നിലെന്ന് വിവിധ രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇതിനോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ യുദ്ധത്തിന്റെ പുതിയഘട്ടം ആരംഭിച്ചതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു.
സാധാരണ മനുഷ്യര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ സ്ഫോടകവസ്തു നിറയ്ക്കുന്നതിനെ ഐക്യരാഷ്ട്രസഭ അപലപിച്ചു. ലബനന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച യുഎന്‍ രക്ഷാ കൗണ്‍സില്‍ യോഗം ചേരും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു