മുംബൈ:ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ കേസില്‍ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും കേസിലെ നടപടികളില്‍ പിഴവുകള്‍ പറ്റിയതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് പ്രധാന പിഴവായി എന്‍സിബി ചൂണ്ടിക്കാട്ടുന്നത്. പലരില്‍ നിന്നായി പിടികൂടിയ മയക്കുമരുന്ന ഒരു റിക്കവറി ആയി രേഖപ്പെടുത്തി. ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകള്‍ പരിശോധിച്ചതില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചനാ വാദവും നിലനില്‍ക്കാത്തതാണെന്നും എന്‍സിബി കണ്ടെത്തി. രണ്ട് മാസത്തിനകം എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആര്യന്‍ ഖാന് മേല്‍ എന്‍ഡിപിഎസ് ചാര്‍ജ് ചുമത്തണോ എന്നതില്‍ നിയമോപദേശം തേടുമെന്നും എന്‍സിബി ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 2നാണ് ലഹരിപാര്‍ട്ടിക്കിടെ എന്‍സിബി റെയ്ഡ് നടത്തിയത്. ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. ഒരുമാസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചിരുന്നു.
.




