ദില്ലി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
കനത്ത ജാഗ്രത തുടരണമെന്ന് സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗം നാളെ നടക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആര്‍ക്കെങ്കിലും പരുക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല. ദക്ഷിണ കശ്മീരിലെ ജില്ലയാണ് കുല്‍ഗാം. ഇവിടെ തങ്മാര്‍ഗ് എന്ന സ്ഥലത്ത് യുവാക്കളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈനിക സംഘം പരിശോധനയ്ക്ക് പോയിരുന്നു. ഇവര്‍ക്ക് നേരെ വന മേഖലയില്‍ നിന്ന് ആക്രമണം ഉണ്ടായി. തുടര്‍ന്ന് സൈനികരും തിരികെ വെടിയുതിര്‍ക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




