
പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തില്‍ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയേറ്റ് അനക്‌സില്‍ നടന്ന ചര്‍ച്ചയില്‍ 15 വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ട് അംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി അക്കാദമിക്‌സ് ജോയിന്റ് ഡയറക്ടര്‍, മലപ്പുറം ആര്‍.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങള്‍. ജൂലൈ 5 നകം സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃത പ്രവേശന നടപടികള്‍ സ്വീകരിക്കും.
മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 85 സ്‌കൂളുകളും എയ്ഡഡ് മേഖലയില്‍ 88 സ്‌കൂളുകളുമാണുള്ളത്. ഇപ്പോള്‍ ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷത്തില്‍ 66,024 കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സപ്ലിമെന്ററി അലോട്ട്‌മെന്റോടുകൂടി പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വിഷയ കോമ്പിനേഷന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിച്ചപ്പോള്‍ സയന്‍സ് സീറ്റുകള്‍ അധികമാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സീറ്റുകള്‍ കുറവാണെന്നും കണ്ടെത്തി. നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിലവില്‍ 4431 സയന്‍സ് സീറ്റുകള്‍ കൂടുതലാണ്. എന്നാല്‍ ഹ്യൂമാനിറ്റീസില്‍ 3816 സീറ്റും കൊമേഴ്‌സില്‍ 3405 സീറ്റും കുറവാണ്. കഴിഞ്ഞ വര്‍ഷം പ്രവേശനം പൂര്‍ത്തീകരിച്ച അവസരത്തില്‍ മലപ്പുറം ജില്ലയില്‍ 4952 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.
ഇത്തവണ മലപ്പുറം ജില്ലയില്‍ 53762 പേര്‍ പ്രവേശനം നേടിക്കഴിഞ്ഞു. ഒന്നും രണ്ടും മൂന്നും അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ജൂലൈ രണ്ടിന് ക്ഷണിച്ചിരിക്കുകയാണ്. രണ്ട്, മൂന്ന്, നാല് തീയതികളിലായി സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. അലോട്ട്‌മെന്റ് എട്ടാം തീയതി ആരംഭിക്കും. ഒറ്റദിവസം കൊണ്ട് അലോട്ട്‌മെന്റ് പൂര്‍ത്തിയാകും. 8,9 തീയതികളില്‍ പ്രവേശനം നടക്കും. സംസ്ഥാനത്തെമ്പാടുമുള്ള താലൂക്ക് തല സ്ഥിതി വിവരക്കണക്കുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചു കഴിഞ്ഞു.
നിലവില്‍ ജൂലൈ 31 നകം പ്ലസ് വണ്‍ പ്രവേശനം അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസ് നഷ്ടമാകുന്ന വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്സ് നല്‍കി പഠനവിടവ് നികത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ച വളരെ സൗഹാര്‍ദപരവും ആരോഗ്യപരവുമായിരുന്നെന്ന് മന്ത്രി പറഞ്ഞു. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം സ്‌കോള്‍ കേരള (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) അപേക്ഷ ക്ഷണിച്ചാല്‍ മതിയെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് മാത്രം 12000 ത്തോളം വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരളയില്‍ ഉണ്ടായിരുന്നു. അലോട്ട്‌മെന്റ് താലൂക്ക് അടിസ്ഥാനത്തില്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ സംഘടനകള്‍ ആവശ്യപ്പെട്ടതായും വിദഗ്ധര്‍ ഇതുസംബന്ധിച്ച പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



