ന്യൂനപക്ഷപദവി വിനിയോഗത്തിലെ അപാകത; വടകര ഡിഇഒ ഓഫീസിന് പിഴ

ന്യൂനപക്ഷ പദവി വിനിയോഗിച്ച് ജൂനിയറിനെ പ്രധാനാധ്യാപകന്‍ ആക്കിയതില്‍ ചട്ടങ്ങള്‍ പാലിക്കാത്ത ഡി ഇ ഒ ഓഫീസിന് പിഴ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസാണ് 15000 രൂപ പിഴ അടയ്‌ക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീമാണ് പിഴ ഈടാക്കി ഉത്തരവിട്ടത്.

വടകര വില്യാപ്പള്ളി എം ജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സീനിയറായിരുന്ന എം സുലൈമാനെ മറികടന്ന് ജൂനിയറായ ആര്‍ ഷംസുദ്ദീനെ പ്രിന്‍സിപ്പലായി നിയമിച്ചതുമായി ബന്ധപ്പെട്ട് കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കമ്മിഷന്‍ കണ്ടെത്തി.

കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയായ ഈ സ്ഥാപനത്തില്‍ അബ്ദുല്‍ഹമീദ് കണിയാക്കണ്ടിയെ മാനേജറാക്കിയ നടപടി രേഖപോലും ഹാജരാക്കാന്‍ ഡി ഇ ഒ ഓഫീസിന് കഴിഞ്ഞില്ല. ഈ വിദ്യാഭ്യാസ ഏജന്‍സിയുടെ ഭരണഘടന, നിയമന തീരുമാനങ്ങളുടെ മിനുട്‌സ്, നിയമനം നേടിയവരുടെ യോഗ്യത എന്നിവയൊന്നും ഡി ഇ ഒ ഓഫീസ് വേണ്ടവിധം പരിശോധിച്ചില്ലെന്നും കമ്മിഷന്‍ കണ്ടെത്തി.

പിഴത്തുക സെപ്തമ്പര്‍ 30 നകം ഡിഇഒ ഓഫീസിലെ സൂപ്രണ്ട് ആരിഫ് മുഹമ്മദ് അടയ്ക്കണം. ഇല്ലെങ്കില്‍ ജില്ലാ കലക്ടര്‍ മുഖേന ജപ്തി നടപടികളിലൂടെ പണം വസൂലാക്കുമെന്നും വിവരാവകാശ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top