ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പീഡനമല്ലശരിയായ വിവരങ്ങള്‍ മറച്ചുവെച്ചുള്ള വിവാഹവാഗ്ദാനങ്ങള്‍ മാത്രമേ കുറ്റകരം; കോടതി

ശരിയായ വിവരങ്ങള്‍ മറച്ചുവെച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് മാത്രമേ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകുകയെന്ന് ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കുകയില്ലെന്ന് ഹൈക്കോടതി. ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതിനേടിയത് എന്നത് വ്യക്തമായാല്‍ മാത്രമേ വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്ന കേസ് നിലനില്‍ക്കുകയുള്ളൂവെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ പ്രതിയായ വണ്ടിപ്പെരിയാര്‍ സ്വദേശി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു.

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുകാട്ടി യുവതി പരാതി നല്‍കുന്നതും പ്രതി അറസ്റ്റിലാകുന്നതും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷവിധിക്കുന്നത്. ഇതിനെതിരേയായിരുന്നു അപ്പീല്‍.

ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനുമതി നേടിയത് വ്യാജ വാഗ്ദാനം നല്‍കിയോ വസ്തുതകള്‍ മറച്ചു വച്ചോ ആണെന്ന് പ്രോസിക്യൂഷനു തെളിയിക്കാനായില്ല.
മറ്റൊരു തെളിവുകളും ഇല്ലാത്തതിനാല്‍ ഇതിനെ വാഗ്ദാനലംഘനം എന്നനിലയില്‍ മാത്രമേ കാണാനാകൂ. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെവിടുകയാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top