ഹണിട്രാപ്പ്‌; പണംതട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവും പിടിയില്‍

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവും പിടിയില്‍. വാക്കാലൂര്‍ കളത്തിങ്ങല്‍ വീട്ടില്‍ ശുഹൈബിനെയാണ് (27) അരീക്കോട് എസ്.എച്ച്.ഒ വി. ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ നവീന്‍ ഷാജ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കാവനൂര്‍ വാക്കാലൂര്‍ കളത്തിങ്ങല്‍ വീട്ടില്‍ അന്‍സീന (29), ഭര്‍തൃസഹോദരന്‍ ഷഹബാബ് (29) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനായിരുന്നു സംഭവം.

തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ സംഭവം നടക്കുന്നതിന് നാല് ദിവസം മുമ്പാണ് പ്രതികളിലൊരാളായ അന്‍സീന സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. യുവാവിനെ ഭര്‍ത്താവ് വിദേശത്താണെന്ന് പറഞ്ഞ് അന്‍സീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അന്‍സീനയുടെ ഭര്‍ത്താവ് ശുഹൈബ്, സഹോദരന്‍ ഷഹബാബ്, സുഹൃത്ത് മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് സമീപത്തെ ക്വാറിയിലെത്തിച്ച് മര്‍ദിച്ചു.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് അന്‍സീന യുവാവിനെ വിളിച്ച് അക്രമി സംഘം ആവശ്യപ്പെടുന്നത് നല്‍കണമെന്നും ഇല്ലെങ്കില്‍ അവര്‍ വിദേശത്തുള്ള ഭര്‍ത്താവിനെ വിവരമറിയിക്കുമെന്നും പറഞ്ഞു. യുവാവിന്റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് രണ്ട് ലക്ഷം രൂപകൂടി യുവാവിനോട് ആവശ്യപ്പെട്ടു.

സുഹൃത്തുക്കള്‍ മുഖേന 25,000 രൂപ സംഘടിപ്പിച്ച യുവാവ് ഗൂഗിള്‍പേ വഴി തട്ടിപ്പ് സംഘത്തിന് നല്‍കി. അരീക്കോട്ടെ മൊബൈല്‍ കടയില്‍നിന്ന് യുവാവിന്റെ പേരില്‍ ഇഎംഐ വഴി രണ്ട് മൊബൈല്‍ ഫോണുകളെടുക്കാനും പ്രതികള്‍ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ യുവാവിന്റെ സുഹൃത്തുക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. ഇത് അരീക്കോട് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശുഹൈബ് ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ കഴിയുകയായിരുന്നു. ഇതിനിടെ കോഴിക്കോട്ടെത്തി മറ്റൊരു തട്ടിപ്പും നടത്തി.

മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ വീട്ടമ്മയില്‍ നിന്ന് ആഭരണം പണയം വെച്ച് തരാമെന്ന് പറഞ്ഞ് 25,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി ഞായറാഴ്ച വാക്കാലൂരിലെ വീട്ടിലെത്തിയ വിവരം അരീക്കോട് പൊലീസിന് ലഭിച്ചത്. പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന് സമീപത്തെ ക്വാറിയില്‍ നിന്നാണ് പിടികൂടിയതെന്ന് അരീക്കോട് എസ്. എച്ച്. ഒ വി. ഷിജിത്ത് പറഞ്ഞു. മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top