കശ്മീരില്‍ മരിച്ച യുവാക്കള്‍ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി

പാലക്കാട്: ജമ്മു കശ്മീരില്‍ അപകടത്തില്‍ മരിച്ച 4 യുവാക്കള്‍ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. മൃതദേഹങ്ങള്‍ ചിറ്റൂരിലെത്തിച്ചു.
പൊതുദര്‍ശനത്തിന് ശേഷം ചിറ്റൂര്‍ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. രാവിലെ എട്ടുമണിവരെയാണ് പൊതുദര്‍ശനം നടക്കുക. അതിന് ശേഷം അവരുടെ വീട്ടിലേക്ക് കൊണ്ടുപോവും.

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിക്കാണ് ശ്രീനഗറില്‍ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തി. തുടര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട് ചിറ്റൂരില്‍ എത്തിക്കുകയായിരുന്നു.

വിനോദയാത്ര സംഘത്തില്‍ 13 പേരായിരുന്നു ഉണ്ടായിരുന്നത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രാജേഷ് , അരുണ്‍, മനോജ് എന്നിവര്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിന്‍ മാര്‍ഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top