തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ഹിക്ക ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് മഴശക്തമായിരിക്കുന്നത്. എറണാകുളം, തൃശൂര്‍ ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അറബിക്കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.
മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വടക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ തുടങ്ങിയ സമുദ്രപ്രദേശങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കടല്‍ അതീവ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ സെപ്തംബര്‍ 25 രാവിലെ വരെ ഈ പ്രദേശങ്ങളില്‍ മല്‍സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അതെസമയം ഹിക്ക ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറന്‍ തീരത്തേക്കടുത്തുകൊണ്ടിരിക്കുകയാണെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനില്‍ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്.




