Section

malabari-logo-mobile

അരിക്കൊമ്പനെ പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി;ഹൈക്കോടതി നിലപാടിനെതിരെ പ്രതിഷേധം; 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താല്‍

HIGHLIGHTS : High Court does not agree with the holding of rice stalks

കൊച്ചി: മൂന്നാര്‍ ചിന്നക്കനാല്‍ മേഖലയുടെ സൈ്വര്യം കെടുത്തുന്ന അരിക്കൊമ്പനെ തല്‍ക്കാലം വെടിവെച്ച് കൂട്ടിലടയ്‌ക്കേണ്ടെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ നിരീക്ഷിക്കാന്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാം. വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയേയും കോടതി നിയോഗിച്ചു. ആനയെ പിടിക്കാതെ മറ്റൊരു വഴിയുമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

മിഷന്‍ അരിക്കൊമ്പന്‍ തടഞ്ഞ ഹൈക്കോടതി നിലപാടിനെതിരെ പ്രതിഷേധം. അരിക്കൊമ്പനെ പിടികൂടണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലന്ന് നാട്ടുകാര്‍. ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വനംവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആനയെ പിടിക്കുന്നത് വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

sameeksha-malabarinews

മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നകനാല്‍, ഉടുമ്പന്‍ ചോല, ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.മിഷന്‍ അരിക്കൊമ്പന്‍ വൈകുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും ഇവര്‍ പറയുന്നു.

ഹൈക്കോടതി അനുകൂല നിലപാടെടുത്താല്‍ നാളെ പുലര്‍ച്ചെ നാലിന് അരിക്കൊമ്പനെ പൂട്ടാനുളള വനം വകുപ്പിന്റെ നീക്കത്തിനാണ് തിരിച്ചടിയേറ്റത്. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടലടയ്ക്കുന്നതൊഴികെയുളള എന്ത് നിര്‍ദേശവും സര്‍ക്കാരിന് വയ്ക്കാമെന്ന് കോടതി പറഞ്ഞു. എത്രയാനകളെ ഇങ്ങനെ കെണിയിലാക്കുമെന്ന് ചോദിച്ച കോടതി, ഒരു കൊമ്പന്‍ പോയാല്‍ മറ്റൊന്ന് വരുമെന്നും പറഞ്ഞു. കാട്ടിലുളള മുഴുവന്‍ മൃഗങ്ങളേയും പിടികൂടി കൂട്ടിലടയ്ക്കാനാണോ ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്ന് വ്യക്തമാക്കിയ കോടതി, ചിന്നക്കനാലിലെ നിലവിലെ സാഹചര്യം പഠിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.

ചിന്നക്കനാല്‍ അറിയാവുന്ന രണ്ടുന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആനയുടെ പെരുമാറ്റവും പ്രകൃതവും തിരിച്ചറിയാന്‍ രണ്ട് വിദഗ്ധരും കോടതിയെ സഹായിക്കാന്‍ ഒരമിക്കസ് ക്യൂരിയും സംഘത്തിലുണ്ടാകും. അടുത്ത സിറ്റിങ്ങിന് മുമ്പ് ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാകും തുടര്‍ നടപടി. ആന പ്രശ്‌നമുണ്ടാക്കിയാല്‍ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാം. ആനകളുടെ ആവാസ വ്യവസ്ഥയില്‍ മനുഷ്യരെ കൊണ്ടുപോയി താമസിപ്പിച്ചവരാണ് ഇതിന് മറുപടി പറയേണ്ടതെന്ന് പറഞ്ഞ കോടതി 301 കോളനിയിലടക്കമുളളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും പരാമര്‍ശിച്ചു.

എന്നാല്‍ ആനയെ പിടികൂടി കൂട്ടിലടയ്ക്കുകയല്ലാതെ മറ്റു വഴിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന ചിന്നക്കനാല്‍- ശാന്തമ്പാറ പഞ്ചായത്തും അറിയിച്ചു.

അരിക്കൊമ്പനെ പിടികൂടുന്നതില്‍ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത നിറവേറ്റാനാകില്ല. ജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കും. ജനങ്ങളുടെ വികാരത്തിന് എതിരായി തീരുമാനം ഉണ്ടാകുമ്പോള്‍ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. നിയമവാഴ്ച തകരാന്‍ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം ശക്തിപ്പെടുത്തും.

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എതിരല്ല, ജനങ്ങള്‍ക്ക് ഒപ്പമാണ്. സര്‍ക്കാര്‍ ശ്രമങ്ങളോട് സഹകരിക്കണം. ജനത്തിന്റെ പ്രയാസം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടരും. അക്രമാസക്തമായ പ്രതിഷേധം ഗുണം ചെയ്യില്ല. നിരാശയില്ലാതെ സര്‍ക്കാര്‍ ജനത്തെ സംരക്ഷിക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വിദഗ്ധ സമിതിക്ക് പഠിക്കാനുള്ള സുഗമമായ സാഹചര്യം ഒരുക്കും. റിപ്പോര്‍ട്ട് വരുന്നത് വരെയുള്ള ദിവസങ്ങളില്‍ ജനങ്ങളെ സംരക്ഷിക്കാനുള്ള ഊര്‍ജിത ശ്രമം തുടരും.

കോടതി നിര്‍ദേശത്തെ ധിക്കരിക്കില്ല. കുങ്കിയാനകളെ മടക്കില്ല. പകരം ദൗത്യം തുടരും. അരിക്കൊമ്പന് കോളര്‍ ഐഡി പിടിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാര മാര്‍ഗമാണ് വേണ്ടത്. കോടതി ജനങ്ങളുടെ ഭാഗം അത്ര ചിന്തിച്ചില്ല. അപൂര്‍വമായി മാത്രമാണ് നാടിറങ്ങുന്ന ആനയെ പിടികൂടുന്നത്. കോടതി സൗമനസ്യം കാണിക്കണമായിരുന്നു. ജനങ്ങള്‍ക്ക് പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാന്‍ അവകാശം ഉണ്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ മന്ത്രി പ്രതികരിച്ചു.

കോടതിയും ജനങ്ങളും ഇരുവശത്തും നിന്ന് ഒരുപോലെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാകരുത്. ആരാണ് അവിടെ ആളുകളെ പാര്‍പ്പിച്ചത്. ഈ സര്‍ക്കാരിനോ മന്ത്രിക്കോ അതില്‍ പങ്കുണ്ടോ? കോളനിയും പ്രശ്‌നത്തിന് ഒരു ഘടകമാണ്. പ്രശ്‌ന പരിഹാരത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. വിദഗ്ദഗ സമിതിക്കായി കോടതി തന്നെയാണ് അംഗങ്ങളെ കണ്ടെത്തിയത്. വനം വകുപ്പിനോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!