ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുത്: ഹൈക്കോടതി നിര്‍ദേശം

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം.

സിനിമാ മേഖലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മൊഴി നല്‍കാനും പരാതി നല്‍കാനും ചലച്ചിത്ര പ്രവര്‍ത്തകര്‍ വിസമ്മതിക്കുന്നുവെന്നാണ് വിവരം. നോട്ടീസ് കിട്ടിയവര്‍ക്ക് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ, ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ ചലച്ചിത്രങ്ങളിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചലച്ചിത്രങ്ങളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. 2019 ഡിസംബറില്‍ ഹേമ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുന്‍പ് തള്ളിയിരുന്നു. വിവരാവകാശ കമ്മീഷന്റ നിര്‍ദേശം അനുസരിച്ചായിരുന്നു പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top