സംരംഭകര്‍ക്ക് സാമ്പത്തിക ഉപദേശം നല്‍കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്ക്; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു; സംരംഭകര്‍ക്ക് സൗജന്യമായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകളുടെ സേവനം ലഭ്യമാകും

സംരംഭങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലുപരി, നിലവിലുള്ള സംരംഭകരെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുന്നതിനാണ് ജില്ലാ ഭരണകൂടവും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. വ്യവസായ വാണിജ്യ വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും ചേര്‍ന്ന് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ആരംഭിക്കുന്ന എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അച്ചടക്കമാണ് ഏതൊരു സംരംഭത്തിന്റെയും വിജയം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകളുടെ സേവനം സൗജന്യമായി സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. ദിനേശ് അധ്യക്ഷത വഹിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ബ്രാഞ്ചിനാണ് മലപ്പുറം ജില്ലയിലെ എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ചുമതല. സംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ വികസിപ്പിക്കാന്‍ ആവശ്യമായ അറിവ് നല്‍കുകയും അതിലൂടെ എം.എസ്.എം.ഇകള്‍ക്ക് സുസ്ഥിരതയും വളര്‍ച്ചയും നേടുന്നതിന് പ്രാപ്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനം ആരംഭിച്ചിരിക്കുന്നത്. എം.എസ്.എം.ഇകള്‍ക്ക് ബിസിനസ് ആരംഭിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട എല്ലാവിധ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും. ബിസിനസ് സംബന്ധമായ സംശയങ്ങള്‍, ലോണ്‍ ലഭിക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കല്‍, ഫിനാന്‍സ്, ടാക്സ് ഓഡിറ്റ് മുതലായ എല്ലാ വിഷയങ്ങളിലുമുള്ള സംരംഭകരുടെ സംശയങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ചളിലാണ് എം.എസ്.എം.ഇകള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക്ക് സേവനം ലഭ്യമാവുക.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ എ. അബ്ദുല്‍ ലത്തീഫ്, സി.ആര്‍ സോജന്‍, മുജീബ് റഹ്‌മാന്‍, ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ച് വൈസ് ചെയര്‍മാനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ എ.ആര്‍ സൂര്യനാരായണന്‍, ഹെല്‍പ്പ് ഡെസ്‌ക്ക് ജില്ലാ കോര്‍ഡിനേറ്ററും ഐ.സി.എ.ഐയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ പി.കെ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top