Section

malabari-logo-mobile

കേരളത്തില്‍ അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

HIGHLIGHTS : Heavy rains will continue in Kerala; Orange alert in four districts today

തിരുവനന്തപുരം: കാലവര്‍ഷക്കാറ്റ് ശക്തമായതോടെ വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ഇടുക്കിയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണം. കേരളാ തീരത്തേക്ക് കാലവര്‍ഷമെത്താന്‍ അനുകൂലമായ സാഹചര്യം ഒരുങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ വിവിധയിടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചിറയില്‍ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ സിനാന്‍ ആണ് മരിച്ചത്. വൈക്കം വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദന്‍ ആണ് മരിച്ചത്.

sameeksha-malabarinews

മൂന്ന് മണിക്കൂര്‍ നീണ്ട പെരുമഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കി. നഗരത്തോട് ചേര്‍ന്ന കളമശ്ശേരിയിലും തൃക്കാക്കരയിലും മഴ നിര്‍ത്താതെ പെയ്തതോടെ ഇന്‍ഫോപാര്‍ക്ക് മുതല്‍ നിരവധി വീടുകളും കടകളും വെള്ളത്തിലായി. ലഘുമേഘ വിസ്‌ഫോടനത്തിന്റെ സാധ്യതയാണ് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചി നഗരവും പരിസരവും പുഴയായും തോടായും മണിക്കൂറുകള്‍ ഒഴുകി. കളമശ്ശേരി കൈപ്പടമുകളില്‍ ശക്തമായ ഒഴുക്കില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. രാവിലെ ആറര മണി മുതല്‍ തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ നിന്ന് പെയ്ത പെരുമഴയിലാണ് കൊച്ചി വെള്ളത്തില്‍ മുങ്ങിയത്.

കനത്ത മഴയില്‍ കോട്ടയത്ത് ഉരുള്‍പൊട്ടലും വ്യാപക കൃഷി നാശവും. ഭരണങ്ങാനത്തിനടുത്ത് ഇടമറുക് ചൊക്കല്ലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴു വീടുകള്‍ നശിച്ചു. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡ് അടക്കം ജില്ലയിലെ പ്രധാന റോഡുകളില്‍ പലതിലും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്ര ക്ലേശവും രൂക്ഷമാക്കി.

കനത്ത മഴ തെക്കന്‍ കേരളത്തിലും ദുരിതം വിതച്ചു. തിരുവനന്തപുരം കാട്ടാക്കടയില്‍ ഫാമില്‍ വെള്ളം കയറി അയ്യായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. തിരുവനന്തപുരത്ത് കിള്ളിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ജഗതി,മേലാറന്നൂര്‍ എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. വര്‍ക്കലയില്‍ പാപനാശം ബലി മണ്ഡപത്തിന് സമീപം കുന്നിടിഞ്ഞു. കൊല്ലത്തും പലയിടത്തും വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരം നെടുമങ്ങാട് കിള്ളിയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പോത്തിനെ രക്ഷപ്പെടുത്തി. കഴുത്തില്‍ കയറു കെട്ടിയ നിലയില്‍ മുങ്ങിത്താണ പോത്തിനെയാണ് കരയ്‌ക്കെത്തിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കൊല്ലം തൃക്കോവില്‍വട്ടം മുഖത്തലയിന്‍ മഴക്കാല രക്ഷാ പ്രവര്‍ത്തനത്തിലുള്‍പ്പെട്ടയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തൃക്കോവില്‍വട്ടം കണിയാംതോടിന് സമീപം താമസിക്കുന്ന 48 വയസുള്ള സലീമിനെയാണ് കാണാതായത്. വൈകീട്ട് അഞ്ചിന് വീടിന് സമീപത്തുള്ള തോട്ടില്‍ വീഴുകയായിരുന്നു. പത്തടിയോളം താഴ്ചയുള്ള തോട്ടില്‍ കടപ്പാക്കടയിലെ അഗ്‌നിരക്ഷാ സേന രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!