ഇന്നു മുതല്‍ മഴ കനക്കും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

HIGHLIGHTS : Heavy rains from today; Yellow alert in 12 districts, monsoon to hit Kerala coast within 2 days

cite

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കനക്കും. കാലവര്‍ഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടു. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

കേരളത്തിലെ 12 ജില്ലകളില്‍ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ മുതല്‍ വടക്കന്‍ ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 26-ാം തീയതി തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നു രാത്രി 08.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും കന്യാകുമാരി തീരത്ത് 1.0 മുതല്‍ 1.1 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!