വടക്കന്‍ കേരളത്തില്‍ മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും, മതപഠന സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് അവധി പ്രഖ്യാപിച്ചത്.

അതിനിടെ വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചിട്ടാണുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 773.50 മീറ്ററില്‍ അധികരിക്കുകയും, മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവില്‍ ഷട്ടര്‍ ഉയര്‍ത്തി അധിക ജലം തുറന്നുവിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല.

കാസര്‍ഗോഡ് ജില്ലയില്‍ കനത്ത മഴ തുടരുകയും പ്രധാന നദികള്‍ കര കവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് വെള്ളിയാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നല്‍കിയത്. ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

അതേസമയം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

ജൂലൈ 17, 19, 20 തീയതികളില്‍ അതിതീവ്ര മഴയ്ക്കും തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇക്കാലയളവില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top