സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിനു മുകളില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തില്‍ ശക്തമായ മഴക്കുള്ള കാരണം.

കേരളാ തീരത്ത് 60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ 30-ാം തിയതി വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നദീതീരത്തുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കനത്ത മഴയായതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top