HIGHLIGHTS : Heat wave threat should be taken seriously, pre-monsoon cleaning will be intensified: Chief Minister

വേനല്‍ ചൂടിന്റെ തീവ്രതയേറുന്ന സാഹചര്യത്തില്‍ ഉഷ്ണ തരംഗ സാധ്യത ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇടക്ക് വേനല്‍ മഴ ലഭിച്ചെങ്കിലും ചൂടിന്റെ ആധിക്യത്തില്‍ കാര്യമായ കുറവ് ഉണ്ടാകുന്നില്ല. ഉഷ്ണതരംഗം നേരിടുന്നതിന്റെ ഭാഗമായി ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പൊതുസ്ഥലങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന 11 മണി മുതല്‍ 3 മണി വരെ തണലുള്ള പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ വിശ്രമത്തിനായി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും.
ഉഷ്ണതരംഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് എല്ലാ ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ 1,444 കേസുകളാണ് ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിരുന്നത്. ഈ വര്‍ഷം ഇതിനോടകം 156 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ കൂടുതലും പാലക്കാട് ജില്ലയിലാണ്. അതുകൊണ്ട് പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ താപനില കൃത്യമായി മോണിറ്റര്‍ ചെയ്തുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
ചൂട് വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ സമയക്രമം പുനഃക്രമീകരിച്ചിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാന്‍ സാധ്യതയുള്ള തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും തൊഴിലിടങ്ങളില്‍ ഒരുക്കണം. പഠനപിന്തുണ പരിപാടിയുമായി ബന്ധപ്പെട്ട് ഈ സമയത്ത് സ്‌കൂളുകളില്‍ നടക്കുന്ന ക്ലാസുകള്‍ കഴിവതും ഉച്ചയ്ക്ക് മുന്‍പ് അവസാനിപ്പിക്കണം. സ്‌കൂളുകളില്‍ കൃത്യമായ ഇടവേളകളില്‍വെള്ളം കുടിക്കുന്നതിനായി ‘വാട്ടര്‍ബെല്‍’ സംവിധാനം തുടര്‍ന്നു വരുന്നുണ്ട്.
ഉഷ്ണകാലത്ത് വന്യജീവികള്‍ക്ക് കാട്ടിനുള്ളില്‍ ആവശ്യത്തിന് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വിസ്റ്റാ ക്ലിയറന്‍സും കുളം, പുല്‍ത്തകിടി എന്നിവയുടെ നവീകരണവും നടപ്പിലാക്കും. വനത്തിനുള്ളില്‍ ഫലവൃക്ഷങ്ങള്‍ നടും.
വളര്‍ത്തുമൃഗങ്ങളുടെ കൂടിന് മുകളില്‍ ഇലകള്‍ ഇട്ടുമുടിയും ഇടയ്ക്കിടയ്ക്ക് വെള്ളം സ്പ്രേചെയ്തും അവയെ ചൂടില്‍ നിന്ന് സംരക്ഷിക്കാവുന്നതാണ്. പകല്‍ ചൂടു കൂടുതലുള്ള സമയത്ത് മൃഗങ്ങളെ മേയാന്‍ വിടുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലജന്യരോഗങ്ങള്‍ പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മഴക്കാല പൂര്‍വ ശുചീകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിവരികയാണ്. തിരഞ്ഞെടുത്ത ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് വാര്‍ഡ് ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി എന്‍ഫോഴ്സ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
അടുത്തിടെയായി ഡെങ്കി പനി കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. കൊതുക് പോലെ അസുഖം പരത്തുന്ന ജീവികളുടെ ഉറവിടം നശീകരണം ഉറപ്പാക്കണം. ശുദ്ധമായ ജലം മാത്രം ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന മലിനമായ ജലസ്രോതസ്സുകള്‍ കണ്ടെത്തേണ്ടതും ഇവിടെ ജനങ്ങള്‍ ഇറങ്ങാതിരിക്കാന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു