തിരുവനന്തപുരം ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി. കൂടാതെ 72000 രൂപ പിഴയും 50,000 രൂപ ഇരയ്ക്ക് നല്‍കണം.
2024 ഫെബ്രുവരി19 ന് പുലര്‍ച്ചെയാണ് ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ പ്രതി തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്.
ചാക്കയിലെ റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെയാണ് ഹസന്‍കുട്ടി തട്ടികൊണ്ടുപോയത്. പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലേക്കും അവിടെ നിന്ന് പളനിയിലേക്കും കടന്നു കളയുകയായിരുന്നു. ഇവിടെ വെച്ച് ഇയാള്‍ രൂപ മാറ്റം വരുത്തി നടക്കുകയായിരുന്നു. കൊല്ലത്തു നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കുട്ടിയുടെ വൈദ്യപരിശോധനാഫലം പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തില്‍നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും പ്രോസിക്യൂഷന്‍ വിചാരണ വേളയില്‍ ശക്തമായ പിടിവള്ളിയായിരുന്നു.



