ഹജ്ജ് ക്യാമ്പ് സമാപിച്ചു – 13829 പേര്‍ പുണ്യ ഭൂമിയിലെത്തി

 

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്കായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ചിരുന്ന ഹജ്ജ് ക്യാമ്പ് സമാപിച്ചു. ഇന്നലെ നാല് വിമാനങ്ങളിലായി 1160 മദീനയിലേക്ക് പുറപ്പെട്ടു . ഉച്ചക്ക് 2.50നായിരുന്നു അവസാന വിമാനം. ഇതോടെ ഹജ്ജ് ചെയ്യുന്നതിനായി കേരളത്തില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേനെ പോയവരുടെ എണ്ണം 13829 ആയി. ഇതില്‍ 20 കുട്ടികളും ഉള്‍പ്പെടും.

കരിപ്പൂര്‍ വഴി 11059 പേരും നെടുമ്പാശേരിയില്‍ നിന്നും 2750 പേരുമാണ് പോയത്. കരിപ്പൂരില്‍ നിന്നും 37ഉം നെടുമ്പാശേരിയില്‍ നിന്നും എട്ടും ഹജ്ജ് വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. നെടുമ്പാശേരിയില്‍ നിന്നും ഒരു ഷെഡ്യൂള്‍ഡ് വിമാനത്തിലും ഹാജിമാര്‍ പോയി. കരിപ്പൂരില്‍ നിന്നും പോയവരില്‍ 4431പുരുഷന്‍മാരും 6628 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടും. 24 പോണ്ടിച്ചേരി സ്വദേശികളും കരിപ്പൂര്‍ വഴിയാണ് പോയത്.

നെടുമ്പാശേരി വഴി പോയവരില്‍ 1200 പേര്‍ പുരുഷന്‍മാരും 1550സ്ത്രീകളുമാണ്. രണ്ടു കുട്ടികളും ഇതു വഴി പോയി. ലക്ഷ ദ്വീപില്‍ നിന്നുള്ള 178പുരുഷന്‍മാരും 152 സ്ത്രീകളും നെടുമ്പാശേരി വഴിയാണ് പോയത്. കരിപ്പൂരില്‍ നിന്നു സഊദി എയര്‍ലൈന്‍സും നെടുമ്പാശ്ശേരിയല്‍ നിന്ന് എയര്‍ ഇന്ത്യയുമാണ് സര്‍വ്വീസ് നടത്തിയത്. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് മടക്ക യാത്ര.

Related Articles