ഹജ്ജ് 2024: മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു

HIGHLIGHTS : Hajj 2024: A review meeting was held under the leadership of the Minister

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന നടപടികള്‍ പൂര്‍ത്തിയായ സാഹചാര്യത്തില്‍ കായിക – ന്യൂനപക്ഷ ക്ഷേമ – ഹജ്ജ് – വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്ന് നടപടിക്രമങ്ങളില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രസിദ്ധീകരിച്ച പുതിയ 2025 ലെ ഹജ്ജ് നയം യോഗം വിശദമായി ചര്‍ച്ച ചെയ്തു. സംവരണ വിഭാഗത്തിന്റെ വയസ്സ് എഴുപതില്‍ നിന്നും 65 ആക്കിയതില്‍ യോഗം സന്തുഷ്ടി രേഖപ്പെടുത്തുകയും പോളിസി സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിന് അയക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ വഴി 18,200 തീര്‍ത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതില്‍ 17,920 പേര്‍ സംസ്ഥാനത്ത് നിന്നുള്ളവരും 280 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. 90 ഖാദിമുല്‍ ഹുജ്ജാജുമാര്‍ തീര്‍ത്ഥാടകരുടെ സേവനത്തിനായി ഹാജിമാരെ അനുഗമിച്ചു.

sameeksha-malabarinews

ചരിത്രത്തിലാദ്യമായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഏറ്റവും കൂടുതല്‍ ഹാജിമാരെ യാത്രയയച്ച വര്‍ഷമായിരുന്നു 2024. ഇതിന് മുമ്പ് 2019 ലായിരുന്നു ഏറ്റവും കൂടുതല്‍ ഹാജിമാരെ യാത്രയാക്കിയിരുന്നത്. 13,811 പേരായിരുന്നു അന്ന് ഹജ്ജിന് പുറപ്പെട്ടത്.

ഹജ്ജ് വേളയില്‍ ഹാജിമാര്‍ക്കുണ്ടായ ചില ബുദ്ധിമുട്ടുകളും പ്രയാസങ്ങളും യഥാസമയം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, എംബസി, മൈനോറിറ്റി വകുപ്പ്, നോര്‍ക്ക എന്നിവരെ അറിയിക്കുകയും പരിഹാരം കാണുകയും ചെയ്തിരുന്നു.

ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി പ്രണബ്‌ജ്യോതി നാഥ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍.വിനോദ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീന്‍കുട്ടി, ഡോ. ഐ.പി. അബ്ദുല്‍ സലാം, കെ.എം. മുഹമ്മദ് കാസിം കോയ പൊന്നാനി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അക്ബര്‍ പി.ടി., ന്യൂനപക്ഷ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ആര്‍ ബിന്ദു, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി എന്‍. മുഹമ്മദലി, അസ്സയിന്‍ പി.കെ, ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അസി. പ്രൈവറ്റ് സെക്രട്ടറി ജി.ആര്‍. രമേശ്, അസീം, യൂസഫ് പടനിലം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!