HIGHLIGHTS : മലയാളത്തിലെ വ്യസ്ഥാപിത കാവ്യ വിശകലനങ്ങളിലൊന്നും ടി ഗുഹന്‍ എന്ന പേരുണ്ടാവില്ല. വരേണ്യ ദൃശ്യബോധത്തിന്റെ വടിവുകളിലേക്ക് ഈ ചിത്രമെഴുത്തുകാരന്റെ വരകള്‍ ...
മലയാളത്തിലെ വ്യസ്ഥാപിത കാവ്യ വിശകലനങ്ങളിലൊന്നും ടി ഗുഹന്‍ എന്ന പേരുണ്ടാവില്ല. വരേണ്യ ദൃശ്യബോധത്തിന്റെ വടിവുകളിലേക്ക് ഈ ചിത്രമെഴുത്തുകാരന്റെ വരകള്‍ അരിച്ചുകടന്നിരുന്നില്ല. പരേതനായ സാംസക്കാരിക വിമര്‍ശകന്‍ എ സോമന്‍ നിരീക്ഷിക്കുന്നതുപോലെ ചിത്രങ്ങള്‍ക്ക് അര്‍ത്ഥ വ്യാപ്തി പോരെന്ന് തോന്നുമ്പോള്‍ കവിതയിലേക്കും കവിതയുടെ വിശദീകരണക്ഷമതയില്‍ സംശയം തോന്നുന്നതുകൊണ്ട് ചിത്രങ്ങളിലേക്കും പരകായപ്രേവശം നടത്തിയ ആവിഷ്‌ക്കാര സവിശേഷതയായിരുന്നു പലപ്പോഴും ഗുഹന്‍.
ജീവിതത്തിന്റെ സാമ്പ്രദായിക യുക്തികളോടും അതിന്റെ സകലവിധ ജഡിലാവിഷ്‌ക്കാരങ്ങളോടും ഗുഹന്‍ തന്റെ തെറിച്ച സര്‍ഗാത്മക ജീവിതം കൊണ്ട് സദാ കണക്കുതീര്‍ത്തുകൊണ്ടിരുന്നു. ഒടുവില്‍ സുഹൃത്തുക്കളോടുള്ള സ്വകാര്യ വ്യവഹാരങ്ങളിലൂടെയും സ്വന്തം കവിതകളിലൂടെയും കാലേ പ്രവചിച്ച ഒരു കാന്‍ഡ്സ്‌ക്കിയന്‍ മരണത്തിന്റെ ചിതറിയ ചിത്രങ്ങളില്‍ അവസാനിക്കുന്നതുവരെ……. ഗുഹന്‍, ഒരു തലയോട്ടിക്കൊണ്ട് ഒരു തീവണ്ടി അട്ടിമറിക്കുന്നു എന്ന് ടി പി രാജീവന്‍……
അന്‍സാരി പാര്‍ക്ക്‌മാനഞ്ചിറ സ്‌ക്വയര്‍ ആകുന്നതിനും മുന്‍പ്, ക്ഷുഭിത സായാഹ്നങ്ങളുടെ ടൗണ്‍ഹാള്‍ കൂടിച്ചേരലുകള്‍ തിരോഭവിച്ചുതുടങ്ങും മുന്‍പ് അരക്കുമുകളില്‍ മുണ്ട് മുറുക്കിക്കുത്തി തലയുയര്‍ത്തി വെളിപാടുകളുയര്‍ക്കുന്ന ഒരു കൃശഗാത്രന്‍ കോഴിക്കോടന്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു. വള്ളിക്കുന്നും പരപ്പനങ്ങാടിയും അടങ്ങുന്ന ഒരു പ്രാദേശിക സമൂഹത്തിന് അയാള്‍ അന്നും അപരിചിതമായ ഒരു ബദല്‍ ജീവിതത്തിന്റെ സാധ്യതതയായിരുന്നു. വള്ളിക്കുന്നിലെ ഒരു സാധാരണ സ്‌കൂളില്‍ പത്മിനി ടീച്ചറില്‍ നിന്നും അക്ഷരമെഴുത്ത് സ്വായത്തമാക്കിയ വേലായുധന്‍ ഗുഹന്‍ എന്ന നാമ സ്വീകരണത്തിലൂടെ തന്റെ വ്യത്യസ്തമായ അയനങ്ങളിലേക്ക് സ്വയം വിക്ഷേപിക്കുന്നതിലൂടെയാണ് ഈ അപരിചിതത്വം നിര്‍മ്മിക്കപ്പെടുന്നത്. അധികാരത്തില്‍ നിന്ന് നിഷ്‌കാസിതനായ രാമനെ നദി കടത്തുകയാണ് പുരാണത്തില്‍ ഗുഹന്‍ ചെയ്തതെങ്കില്‍ അപരിചിതമായ സാംസ്‌ക്കാരിക യാനങ്ങളെ അതിസാഹസികമാക്കി സാധ്യമാക്കുകകയായിരുന്നു ഗുഹന്‍ ചെയ്തത്.

ഇരുപതുകൊല്ലങ്ങള്‍ക്കിപ്പുറവും ഗുഹന്‍ ഓര്‍മിക്കപ്പെടുന്നത് ജീവിച്ചിരുന്ന നിമിഷങ്ങളോട് പുലര്‍ത്തിപ്പോന്ന നീതിയുടെ കരുത്തില്‍ തന്നെയാണ്. ഇരുപത് കൊല്ലങ്ങള്‍ക്കിപ്പുറവും മായാതെ നില്‍ക്കുന്ന ഈ ധിക്കാരിയുടെ സ്മരണയോട് മലബാറി ന്യൂസ് ചേര്‍ന്നു നില്‍ക്കുന്നു. ഗുഹന്റെ സുഹൃത്തുക്കളുടെ വിലയിരുത്തലുകളും ഗുഹന്റെ കവിതകളും, ചിത്രങ്ങളും സിമരണകളില്‍ നിന്ന് കടംകൊള്ളുന്നു. നിങ്ങളുടെ വിലയിരുത്തലുകള്‍ക്ക്……………