കേരളം സ്വന്തം വീടു പോലെയെന്ന് ഓണാഘോഷത്തിന് എത്തിയ അതിഥികള്‍

ദൈവത്തിന്റെ സ്വന്തം നാടായ കേരളം സ്വന്തം വീട് പോലെയാണെന്ന് വിദേശ വിനോദസഞ്ചാരികള്‍. ലോകത്തെമ്പാടുമുള്ളവര്‍ക്ക് വിനോദസഞ്ചാരത്തിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഹൃദ്യമായ ഇടമാണ് കേരളമെന്നും ടൂറിസം വകുപ്പിന്റെ അതിഥികളായി ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ പറഞ്ഞു. മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും സമ്പന്നമായ സംസ്‌കാരവും രുചിയൂറും ഭക്ഷ്യവിഭവങ്ങളും എല്ലാവരുടേയും ഒരുമയും അല്‍ഭുതപ്പെടുത്തിയതായും വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ അവര്‍ മനസ്സ് തുറന്നു. സ്വന്തം രാജ്യങ്ങളില്‍ കേരളത്തിന്റെ അംബാസഡര്‍മാരാകണമെന്ന് അതിഥികളോട് മന്ത്രി പറഞ്ഞു.

അച്ചപ്പം മുതല്‍ പുലികളിവരെയുള്ള ഓര്‍മകള്‍ സമ്മാനിക്കുന്ന കേരളം സ്വന്തം വീട് പോലെയാണെന്ന് ആഗോള ഉത്തരവാദിത്ത ടൂറിസം ലീഡേഴ്‌സില്‍ ഒരാളും തായ്ലന്‍ഡുകാരിയുമായ ഡോ. ഓംക്രിസ പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് ഹൃദ്യമായ അനുഭവമാണ് ഹോംസ്റ്റേ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.സ്വന്തം രാജ്യമായ ഇന്തോനേഷ്യ പോലെ സമാനമായ ചില ഇടങ്ങള്‍ ഇവിടെയുണ്ടെന്നാണ് ലെനി ഹാത്തക്കു പറയാനുണ്ടായിരുന്നത്.

ടൂറിസം വിപണനത്തില്‍ കേരളത്തെ ഒരു ബ്രാന്‍ഡായി നിലനിര്‍ത്തുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി രാജ്യത്തിനകത്തും വിദേശത്തുമായി ടൂറിസം വകുപ്പ് നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയിച്ച കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടെ 30 പേരും ഉത്തരവാദിത്ത ടൂറിസം മിഷന്റെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി പത്ത് രാജ്യങ്ങളില്‍ നിന്നെത്തിയ 13 പേരും കൂടിക്കാഴ്ചയുടെ ഭാഗമായി. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രനും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സിഇഒ കെ രൂപേഷ്‌കുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top