Section

malabari-logo-mobile

സംരംഭകരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരം; സമിതി നിലവില്‍വന്നു

HIGHLIGHTS : Immediate redressal of entrepreneurial grievances; The committee came into existence

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നതും നടത്തിപ്പുമായും ബന്ധപ്പെട്ട് സംരംഭകരുടെ പരാതി സമയബന്ധിതമായി പരിഹരിക്കാന്‍ സംവിധാനമായി. സിവില്‍ കോടതിയുടെ അധികാരമുള്ള പരാതി പരിഹാര സമിതിയാണ് നിലവില്‍ വന്നത്. അഞ്ചുകോടിവരെ നിക്ഷേപമുള്ള സംരംഭകരുടെ പരാതി ജില്ലാതല സമിതിയും അതിനു മുകളിലുള്ളത് സംസ്ഥാനതല സമിതിയും പരിഗണിക്കും.

പരാതി ലഭിച്ചാല്‍ അഞ്ചു ദിവസത്തിനുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടണം. ഏഴു ദിവസത്തിനകം ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണം. 30 ദിവസത്തിനകം സമിതി വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും. സമിതി ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയാല്‍ 15 ദിവസത്തിനകം നടപ്പാക്കണം. ഇല്ലെങ്കില്‍ ദിവസം 250 രൂപ നിരക്കില്‍ 10,000 രൂപവരെ പിഴ ഈടാക്കാം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യാനും സമിതികള്‍ക്ക് അധികാരമുണ്ട്.

sameeksha-malabarinews

കലക്ടറാണ് ജില്ലാ സമിതിയുടെ ചെയര്‍മാന്‍. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, നഗരകാര്യ റീജണല്‍ ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഒഫീസര്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എന്നിവര്‍ അംഗങ്ങളാണ്.

ജില്ലാതലത്തില്‍നിന്നുള്ള അപ്പീലുകളും സംസ്ഥാനതല സമിതി പരിഗണിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലയുള്ളയാള്‍, വ്യവസായവകുപ്പിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട ചുമതലയുള്ള സെക്രട്ടറി, തദ്ദേശവകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമീഷണര്‍, ലേബര്‍ കമീഷണര്‍, കെഎസ്ഇബി ചെയര്‍മാന്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടര്‍, വ്യവസായ ഡയറക്ടര്‍ എന്നിവരാണ് അംഗങ്ങള്‍.

പ്രതിനിധി ഇല്ലാത്ത വകുപ്പുമായി ബന്ധപ്പെട്ടാണ് പരാതിയെങ്കില്‍ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ ക്ഷണിക്കാന്‍ ജില്ലാതല, സംസ്ഥാനതല സമിതികള്‍ക്ക് അധികാരമുണ്ടാകും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!