പരപ്പനങ്ങാടി: പൗരത്വ ഭേദഗതി നിയമത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ്. ഇന്ന് പരപ്പനങ്ങാടിയില്‍ നടന്ന സ്വകാര്യ ആശുപത്രിയുടെ ചടങ്ങില്‍ ഗവര്‍ണറോടൊത്ത് വേദി പങ്കിടാതെ സ്ഥലം എംഎല്‍എ പി കെ അബ്ദുറബ്ബും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചറും പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വവും.
എന്നാല്‍ സിപിഐഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും എസ്‌സിഎസ്ടി അപ്പക്‌സ് ബോര്‍ഡ് ചെയര്‍മാനുമായ പാലക്കണ്ടി വേലായുധന്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങിനെത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഈ ചടങ്ങില്‍ പങ്കെടുക്കാതെ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവും മുനിസിപ്പില്‍ കൗണ്‍സിലര്‍മാരും വിട്ടുനിന്നിരുന്നു.
പൗരത്വ ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ പാസ്സായതിനെ തുടര്‍ന്ന് രാജ്യമാകെ ശക്തമായ പ്രക്ഷോഭം നടന്നുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിതിനെതിരെ ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു. പൗരത്വ ബില്‍ നടപ്പാക്കണമെന്നാണ് തന്റെ നിലപാടെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇന്നും തന്റെ നിലപാട് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുസ്ലിംലീഗിന്റെയും സിപിഎമ്മിന്റെയും അണികള്‍ നേതൃത്വത്തോട് കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സിപിഎം നേതാവ് ചടങ്ങിനെത്തിയത് വലിയ ആശയകുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രാദേശിക സാമൂഹിക മാധ്യമങ്ങളില്‍ സിപിഐഎം അനുഭാവികള്‍ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഈ നേതാവിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
അതെസമയം ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടു നിന്നത് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ ഗവര്‍ണറുടെ പൗരത്വ നിയമത്തോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് വ്യക്തിപരമായി വിട്ടുനിന്നതാണെന്നും മുസ്ലിംലീഗ് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. ഇതെനിലപാടുതന്നെയാണ് സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കളും സ്വീകരിച്ചത്. എന്നാല്‍ ചടങ്ങില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും പങ്കെടുത്തിരുന്നു.
സ്വകാര്യ ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ പരപ്പനങ്ങാടിയില്‍ എത്തിയിത്. ചടങ്ങില്‍ സിപിഐ നേതാവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം പങ്കെടുത്തു.




