Section

malabari-logo-mobile

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അവയവം മാറ്റിവെക്കല്‍ സൗകര്യങ്ങള്‍  വിപുലപ്പെടുത്തും -മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : അവയവദാതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കേരളത്തിന്റെ ആദരം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ വിപുല...

അവയവദാതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കേരളത്തിന്റെ ആദരം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ‘മൃതസഞ്ജീവനി’ പദ്ധതിയുടെ ഭാഗമായി അവയവദാതാക്കളെ അനുസ്മരിക്കാനും കുടുംബാംഗങ്ങളെ ആദരിക്കാനും സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
അവയവമാറ്റം നടത്തുന്ന ട്രാന്‍സ്പ്ലാന്റ് സെന്ററുകളുടെ നിലവാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അവയവമാറ്റം നടത്തിയവരുടെ ഡിജിറ്റല്‍ ഡാറ്റാ ബാങ്ക് തയാറാക്കും. ജീവിച്ചിരിക്കുന്നവരുടെ അവയവം ദാനം ചെയ്യുന്ന പ്രക്രിയ സുഗമമാക്കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കും.
സര്‍ക്കാര്‍ മേഖലയില്‍ വിജയകരമായി ഹൃദയം മാറ്റിവെക്കല്‍ നടത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കരള്‍മാറ്റ ശസ്ത്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിന് സത്വരനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒരു വ്യക്തിക്ക് മറ്റൊരാള്‍ക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ ത്യാഗമാണ് അവയവദാനം. ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കുമ്പോള്‍ അതിന്റെ നാനാവശങ്ങളെക്കുറിച്ച് ദാതാവിനെ ബോധ്യപ്പെടുത്താനാകണം. തുടര്‍ചികില്‍സാ, വിശ്രമം തുടങ്ങിയ സാഹചര്യങ്ങള്‍ ഉറപ്പാക്കണം. ദാതാവിന്റെ കാര്യം ശ്രദ്ധിക്കാത്ത നില പ്രോത്‌സാഹിപ്പിക്കാനാവില്ല. അവയവം മാറ്റിവെക്കുന്നതും ചെലവേറിയ ഏര്‍പ്പാടാണ്. തുടര്‍ചികില്‍സ, മരുന്നുകള്‍, പുനരധിവാസം, വിശ്രമം തുടങ്ങിയവ പലര്‍ക്കും താങ്ങാനാവാത്ത സ്ഥിതിയുണ്ട്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ കൊണ്ടുമാത്രം ഇവ താങ്ങാനാകില്ല. ഇത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജീവിതത്തിലുടനീളം മരുന്ന് വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഏതെല്ലാംതരത്തില്‍ ഒരുക്കണമെന്ന് ഗൗരവമായി ചിന്തിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കല്‍, കാരുണ്യ പദ്ധതി വ്യാപിപ്പിക്കല്‍, ഇത്തരക്കാര്‍ക്ക് പ്രത്യേക പദ്ധതിയായി മരുന്നുനല്‍കല്‍ ഇവയെല്ലാം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണ്. 736 പേര്‍ക്കാണ് മൃതസഞ്ജീവനി വഴി അവയവമാറ്റം നടത്തിയത്. ആവശ്യവുമായി താരതമ്യംചെയ്താല്‍ ഇതു കുറവാണ്.
അവയവദാനം സംബന്ധിച്ച തെറ്റിദ്ധാരണകളും ആശങ്കകളും മാറ്റാന്‍ സമയബന്ധിതമായി സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ മസ്തിഷ്‌കമരണം ഉറപ്പുവരുത്തുകയെന്നതാണ് നടപടിക്രമം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പോലും പുറത്തുനിന്നുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മസ്തിഷ്‌കമരണ സ്ഥിരീകരണം നടത്തുന്നത്. ആരോഗ്യരംഗത്തെ സംസ്ഥാനത്തിന്റെ പ്രതാപം മങ്ങലേല്‍ക്കാതെയിരിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ക്ക് സമൂഹത്തിന്റെയാകെ പിന്തുണവേണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. രാംദാസ് പിഷാരടിയുടെ സ്മരണാര്‍ഥമുള്ള ആദ്യ അവാര്‍ഡ് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സര്‍ജന്‍ ഡോ. എച്ച്.വി. ഈശ്വറിന് മുഖ്യമന്ത്രി സമ്മാനിച്ചു. അവയവങ്ങള്‍ ദാനം ചെയ്ത വ്യക്തികളുടെ കുടുംബാംഗങ്ങളെ ആദരിക്കലും മുഖ്യമന്ത്രി നിര്‍വഹിച്ചു.
അവയവദാന രംഗത്തേക്ക് കഴിയുന്നത്രപേര്‍ കടന്നുവരണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ബോധവത്കരിക്കാനും പ്രചരിപ്പിക്കാനും നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും മന്ത്രി പറഞ്ഞു.ട്രെയിനപകടത്തെത്തുടര്‍ ന്ന് ഇരുകൈകളും മാറ്റിവെച്ച മനു, കരള്‍ മാറ്റിവെച്ച എ. ബാലഗോപാലന്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
കേരള സര്‍വകലാശാലയില്‍ നിന്നുള്ള 50,000 അവയവദാന സമ്മതപത്രം നാഷനല്‍ സര്‍വീസ് സ്‌കീം പ്രതിനിധി ഡോ. എ. ഷാജി ആരോഗ്യമന്ത്രിക്ക് കൈമാറി. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് ഡോ. നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡോ. മാര്‍ത്താണ്ഡ പിള്ള, ഡോ.എം.ഐ. സഹദുള്ള, ഡോ. സുള്‍ഫി, ഡോ. കവിതാ രവി, ഡോ. വി. മധു തുടങ്ങിയവര്‍ സംബന്ധിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി സ്വാഗതവും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു നന്ദിയും പറഞ്ഞു.  അവയവദാന ബോധവത്കരണ ഹ്രസ്വചിത്രം ജീവാമൃതം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
ദേശീയ അവയവദാനദിനാചരണത്തോടനുബന്ധിച്ചും  മൃതസഞ്ജീവനി പദ്ധതിയുടെ വാര്‍ഷികത്തോടനുബന്ധിച്ചുമാണ് മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കാനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കാനും വി.ജെ.ടി ഹാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ചടങ്ങ് സംഘടിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!