സ്വര്‍ണക്കടത്ത്: സിനിമ നിര്‍മാതാവ് അറസ്റ്റില്‍

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യകണ്ണി സിനിമാനിര്‍മാതാവ് സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ അവസാനവാരം മാംസം മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ രണ്ട് കിലോയോളം സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ കേസിലെ പ്രതിയാണ് സിറാജുദ്ദീന്‍. കേസില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് സിറാജുദ്ദീന്‍. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകന്‍ എന്‍ ഇ ഷാബിന്‍ ഇബ്രാഹിം, ഡ്രൈവര്‍ നകുല്‍ എന്നിവരെ രണ്ട് മാസം മുമ്പ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് വട്ടം സമന്‍സ് നല്‍കിയിട്ടും നിര്‍മാതാവ് സിറാജുദ്ദീന്‍ ഹാജരായിരുന്നില്ല. ഇതിന് ശേഷം ലുക്കൗട്ട് നോട്ടീസ് ഇറക്കാനായിരുന്നു കസ്റ്റംസിന്റെ നീക്കം. കള്ളക്കടത്തിലൂടെ കിട്ടിയ പണം സിറാജുദ്ദീന്‍ സിനിമയില്‍ നിക്ഷേപിച്ചോ, കള്ളപ്പണം വെളുപ്പിക്കലിന് സ്വര്‍ണക്കള്ളക്കടത്ത് പണം ഉപയോഗിച്ചോ എന്നെല്ലാം അന്വേഷണപരിധിയിലുണ്ട്.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഈ വര്‍ഷം ഏപ്രില്‍ അവസാനവാരം കാര്‍ഗോ ആയി വന്ന മാംസം മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ 2.23 കിലോ തൂക്കമുള്ള നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് കാറില്‍ യന്ത്രം കടത്തിയതിന് പിന്നാലെയാണ് പ്രിവന്റീവ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്. സിറാജുദ്ദീനാണ് സ്വര്‍ണം യന്ത്രത്തിനുളളിലാക്കി ദുബായില്‍ നിന്ന് കയറ്റി അയച്ചത് എന്നാണ് കസ്റ്റംസിന് കിട്ടിയിരിക്കുന്ന വിവരം. സിറാജുദ്ദീന്‍ സ്വര്‍ണം അയച്ചത് ഷാബിന് വേണ്ടിയാണെന്ന് ഡ്രൈവര്‍ നകുല്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. യന്ത്രം കൊണ്ടുപോകാന്‍ ഷാബിനും എത്തിയിരുന്നു. എന്നാല്‍ കസ്റ്റംസുകാരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു.

തൃക്കാക്കര നഗരസഭയിലെ കരാറുകാരന്‍ കൂടിയായ ഷാബിന്‍ കരാര്‍ ഇടപാടുകളില്‍ നിന്ന് കിട്ടിയ ലാഭമാണ് കളളക്കടത്തിന് സ്വര്‍ണം വാങ്ങാന്‍ ഉപയോഗിച്ചത്. നഗരസഭയിലെ കരാര്‍ ഇടപാടുകളില്‍ കൂട്ടുപ്രതികള്‍ക്കും പങ്കാളിത്തമുളളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഷാബിന്റെ പിതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ എ എ ഇബ്രാംഹികുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇബ്രാഹിംകുട്ടിയുടെ മകന്റെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ചാര്‍മിനാര്‍, വാങ്ക് എന്നീ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍.

 

Share news
error: Content is protected !!
Scroll to Top