മാലിന്യമുക്ത കോഴിക്കോട്; ശക്തമായ പ്രവര്‍ത്തനങ്ങളുമായി കോര്‍പ്പറേഷന്‍

കോഴിക്കോട് : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി കോര്‍പ്പറേഷന്‍. മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒട്ടേറെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഉറവിടമാലിന്യ സംസ്‌കരണ ഉപാധികള്‍ സബ്‌സിഡിയോടുകൂടി എല്ലാ വീടുകളിലും എത്തിച്ച് സമ്പൂര്‍ണ്ണ ശുചിത്വ നഗരം എന്ന പദവിയിലേക്ക് കോഴിക്കോടിനെ ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.

600 ഓളം വരുന്ന ഹരിത കര്‍മ്മസേന അംഗങ്ങള്‍ ജൈവ, അജൈവമാലിന്യ ശേഖരണത്തിനായി നഗരത്തില്‍ പ്രവര്‍ത്തിക്കുണ്ട്. ഇവരുടെ സേവനം ഉപയോഗപ്പെടുത്താതെ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇതിനായി മൂന്നു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സക്വാഡിന്റെ പ്രവര്‍ത്തനം രാത്രിയും പകലും നഗരപ്രദേശങ്ങളില്‍ ഉണ്ടായിരിക്കും.

കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് ചെസ്റ്റ് ഹോസ്പിറ്റല്‍ പ്രദേശത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തുകയും പുതിയ ഓര്‍ഡിനന്‍സ് പ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും സമീപത്തെ സ്റ്റേഷനറി കടയിലും 5000 രൂപ വീതം തല്‍സമയ പിഴ ചുമത്തുകയും ചെയ്തു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ ഉണ്ടാകുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

നഗരസഭ പരിധിയില്‍ മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും മതിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാത്തതുമായ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനും, നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകള്‍ വില്പന, ഉപയോഗം സംബന്ധിച്ചുള്ള പരിശോധനയുമാണ് നടത്തിവരുന്നത്.

പൊതുജലാശയം മലിനമാക്കും വിധം പൊതു ഓടയിലേക്ക് മലിന ജലം ഒഴുക്കി വിടുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനാണ് പുതിയ സ്‌ക്വാഡ് പ്രാധാന്യം നല്‍കുന്നത്. നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ മുനവര്‍ റഹ്‌മാന്‍, ഹെല്‍ത്ത് ഓഫീസര്‍ കെ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്. കനോലി കനാലിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന നടത്തി നോട്ടീസ് നല്‍കുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ശുചിത്വ നഗരം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top