‘പൈതലാം യേശുവേ’ ഗാനത്തിന്റെ ശില്‍പി ഫാ.ജെസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കൊച്ചി: ജനപ്രിയ ക്രൈസ്തവ ഭക്തി​ഗാനങ്ങളിലൂടെ പ്രശസ്തനായ ഫാ. ഡോ. ജെസ്റ്റിന്‍ പനക്കല്‍ (90) അന്തരിച്ചു. ഒസിഡി സന്യാസസമൂഹാംഗമാണ് കുമ്പളങ്ങി സ്വദേശിയായ ഫാ. ഡോ. ജെസ്റ്റിന്‍ പനക്കല്‍.എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലെ സന്യാസഭവനത്തിലായിരുന്നു അന്ത്യം.

ക്രിസ്തീയ ഭക്തിഗാന ശാഖയിലെ നിരവധി അനശ്വരഗാനങ്ങളുടെ സംഗീത സംവിധായകനാണ് ഡോ. ജെസ്റ്റിന്‍ പനക്കല്‍. പൈതലാം യേശുവേ എന്ന വിഖ്യാത ഗാനം പാടിയത് ഗായിക കെ എസ് ചിത്രയാണ്. തരംഗിണിയുടെ, തളിര്‍മാല്യം, സ്‌നേഹപ്രവാഹം, സ്‌നേഹ സന്ദേശം എന്നീ ആല്‍ബങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന, സ്‌നേഹസ്വരൂപാ തവദര്‍ശനം, ദൈവം നിരുപമസ്‌നേഹം, എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ തുടങ്ങിയ ശ്രദ്ധേയഗാനങ്ങള്‍ക്ക് ഈണമിട്ടതും ഫാ. ഡോ. ജെസ്റ്റിന്‍ പനക്കല്‍ ആണ്. ഈണമിട്ട 29 പാട്ടുകളില്‍ 25 എണ്ണവും യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്.

കുമ്പളങ്ങി സ്വദേശിയായ പനക്കല്‍ ജോബിന്റെ മകനാണു ഫാ. ജെസ്റ്റിന്‍. 1952 ല്‍ കര്‍മലീത്ത നിഷ്പാദുക സഭയില്‍ അംഗമായ അദ്ദേഹം 1962 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു. ഫാ. ജെസ്റ്റിന്‍ പനക്കലിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദേവാലയത്തില്‍.

Share news
error: Content is protected !!
Scroll to Top