കണ്ണൂര്‍:പാപ്പിനിശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്.സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. തമിഴ്‌നാട് സ്വദേശികളായ മുത്തു- അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പന്ത്രണ്ട് മണിയോടെ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. മരണം, കിണറില്‍ വീണാണോ അതിന് മുമ്പാണോ എന്നതില്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തത വരും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.




