തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് അഭിമാനമായി ടോക്കിയോ ഒളിമ്പിക്സില്‍ നാല് കായിക താരങ്ങള്‍ പങ്കെടുക്കുന്നു. ഇര്‍ഫാന്‍ കോലോത്തും തൊടി, മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, മുരളി ശ്രീശങ്കര്‍ എന്നിവരാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് ഈ അഭിമാനനേട്ടം സമ്മാനിച്ചത്. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ ജയരാജ്, രജിസ്ട്രാര്‍ ഡോ. സതീഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ടോം കെ തോമസ്, കെ.കെ ഹനീഫ, പ്രൊഫ. എം.എം. നാരായണന്‍, കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ഹുസൈന്‍ വി.പി എന്നിവര്‍ കായിക താരങ്ങളെ അഭിനന്ദനം അറിയിച്ചു.15-ന് കാലത്ത് 11.00 മണിക്ക് ഇവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങ് പ്രൗഢഗംഭീരമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്
ഇര്‍ഫാന്‍ കോലോത്തുംതൊടി : മലപ്പുറം ജില്ലയില്‍ നിന്നും ഡിഗ്രി പഠനത്തിനായി ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ 2007 ല്‍ എത്തിയ ഇര്‍ഫാന്‍ തന്റെ കായിക കുതിപ്പിനു കൂടിയാണ് തുടക്കംകുറിച്ചത്. കോഴിക്കോട് സായി സെന്ററിലെ പരിശീലകനായ ജോര്‍ജ് പി. ജോസഫാണ് ഇര്‍ഫാന്‍ കെ.ടി. യുടെ ഒളിഞ്ഞു കിടന്നിരുന്ന കായികതാരത്തെ കണ്ടെത്തിയത്. ദേവഗിരി കോളേജില്‍ 400 മീറ്റര്‍ ട്രാക്കില്‍ നിന്നും പരിശീലനം ആരംഭിച്ച ഇര്‍ഫാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നാം സ്ഥാനവും ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പുകളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ച വെക്കുകയുണ്ടായി. ടോക്യോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇര്‍ഫാന് സ്വന്തം. ദേവഗിരി കോളേജിലെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും ജഴ്സി അണിഞ്ഞിരുന്ന ഇര്‍ഫാന്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ജഴ്സി അണിയുമ്പോള്‍ ദേവഗിരിയുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും അഭിമാനമാണ് രാജ്യാന്തരതലത്തില്‍ ഉയരുന്നത്.
നോഹ നിര്‍മ്മല്‍ ടോം : കോഴിക്കോട് പാറോപ്പടി സ്വദേശിയായ നോഹ നിര്‍മ്മല്‍ ടോം ദേവഗിരി കോളേജിന്റെ ഗ്രൗണ്ടില്‍ നിന്നും കോഴിക്കോട് സായി സെന്ററിലെ കായിക പരിശീലകന്‍ ആയിരുന്ന ശ്രീ ജോര്‍ജ്ജ് പി. ജോസഫിന്റെ പരിശീലനത്തിലൂടെ വളര്‍ന്നു ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ താരമാണ്. ദേവഗിരി കോളേജില്‍ 2012-15 വര്‍ഷത്തില്‍ ബികോം ബിരുദ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് യൂണിവേഴ്സിറ്റി, ഇന്റര്‍ യൂണിവേഴ്സിറ്റി, ദേശീയ തലങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ നോഹ നിര്‍മല്‍ ടോം പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി കരസ്ഥമാക്കി 4-400 മിക്സഡ് റിലേയില്‍ ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
മുഹമ്മദ് അനസ് : കൊല്ലം ജില്ലയിലെ നിലമേല്‍ സ്വദേശിയായ മുഹമ്മദ് അനസ് 2014 ല്‍ ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂരിലെ – കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്‌കീമിലാണ് പരിശീലനം തുടങ്ങിയത്. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ശ്രീ പി.ബി. ജയകുമാറിന്റെ ശിക്ഷണത്തില്‍ ആദ്യവര്‍ഷം തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റി മീറ്റില്‍200 മീറ്ററിലും 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടി തന്റെ വരവറിയിച്ചു. ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി മീറ്റില്‍ 400 മീറ്ററില്‍ വെള്ളിമെഡലും ആ വര്‍ഷം നേടി. തുടര്‍ന്ന് 2016 ല്‍ ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ റെക്കോര്‍ഡോടെ ഒളിമ്പിക്സിന് യോഗ്യത നേടി. 400 മീറ്ററിലും, 4-400 മീറ്റര്‍ ടീമിലും യോഗ്യത നേടി.
മുരളി ശ്രീ ശങ്കര്‍ : പാലക്കാട് സ്വദേശിയായ ശ്രീശങ്കര്‍ ഗവണ്‍മെന്റ് വിക്ടോറിയ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.തന്റെ പിതാവും ഇന്റര്‍നാഷണല്‍ ട്രിപ്പിള്‍ ജംമ്പ് താരവുമായ എസ്.മുരളിയുടെ ശിക്ഷണത്തില്‍ എട്ടാം വയസ് മുതല്‍ പരിശീലനം ആരംഭിച്ച ശ്രീശങ്കര്‍ ഇരുപത്തിനാലാമത് ഫെഡറേഷന്‍ കപ്പ് ലോങ്ങ്ജമ്പില്‍ 8.26 മീറ്റര്‍ ചാടിയാണ് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്. 2019 ല്‍ ദോഹയില്‍ നടന്ന വേള്‍ഡ് അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ലോങ്ങ്ജമ്പില്‍ നിലവിലെ ദേശീയ റെക്കോര്‍ഡ് ഉടമയും വേള്‍ഡ് റാങ്കിങ്ങില്‍ പതിനേഴാമനുമാണ് ഈ 21 കാരന്‍. ഇന്റര്‍നാഷണല്‍ അത്ലറ്റ് ബിജിമോളാണ് അമ്മ.




