മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി:മുന്‍മന്ത്രിയും മുസ്ലിംലീഗ് നേതാവുമായി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഏറെനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആരോഗ്യനില വഷളാവുകയായിരുന്നു.

മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മന്ത്രിയായിട്ടുള്ള പ്രവര്‍ത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാന്‍ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചു. സര്‍വ്വേ അടിസ്ഥാനമാക്കിയാണ് പത്രം മികച്ച മന്ത്രിയെ തെരഞ്ഞെടുക്കുന്നത്. 2012 കേരള രത്‌ന പുരസ്‌കാരവും, ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013 കേളീ കേരള പുരസ്‌കാരവും, യു.എസ്.എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്റിക്കേറ്റ് മെമ്പര്‍, ഗോശ്രീ ഐലന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു.

കേരള നിയമസഭയുടെ അഷൂറന്‍സ് കമ്മറ്റി ചെയര്‍മാന്‍, ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, കൊച്ചി എഡിഷന്‍ ഗവേണിംഗ് ബോഡി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.

എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളിയില്‍ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് ഇരുപതിനാണ് വി കെ ഇബ്രാഹിം കുഞ്ഞ് ജനിച്ചത്. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതുപ്രവര്‍ത്തനത്തിലും വ്യാപൃതനായി. മൂസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫ്-ലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.

ഭാര്യ നദീറ. മക്കള്‍ :അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്.

2001 ല്‍ 12,183 വോട്ടിന്റെ ഭൂരിപക്ഷത്തിലുംധ5പ, 2006 ല്‍ 15,523 വോട്ടിന്റെ ഭൂരിപക്ഷത്തിലും മട്ടാഞ്ചേരിയില്‍ നിന്നും, 2011 ല്‍ 7789 വോട്ടിന്റെ ഭൂരിപക്ഷത്തിലുംധ5പ, 2016 ല്‍ 12,118 വോട്ടിന്റെ ഭൂരിപക്ഷത്തിലും കളമശ്ശേരിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എം.എല്‍.എയും കളമശ്ശേരി എന്ന പുതിയ മണ്ഡലത്തിന്റെ പ്രഥമ ജനപ്രതിനിധിയുമാണ്. 06 ജനുവരി 2005 മുതല്‍ മെയ് 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും, 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടര്‍ന്നാണ് 2005-ല്‍ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. അതിനു പുറമെ തന്റെ ഭരണകാലത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും പ്രായോഗികമാക്കാനും ഇദ്ദേഹത്തിന് സാധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top