മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു.83 വയസ്സായിരുന്നു. രാവിലെ 9.35 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 1991 മുതല്‍ 1994 വരെ കെ കരുണകരന്‍ മന്ത്രി സഭയിലും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലും വനം വകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 വരെ സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.

2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. നാല് തവണ കൊടകരയില്‍ നിന്നും രണ്ട് തവണ കുന്നംകുളം നിയമസഭാ സീറ്റില്‍ നിന്നുമാണ് വിജയിച്ചത്.

തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടി. അഭിഭാഷകന്‍ കൂടിയാണ് കെ പി വിശ്വനാഥന്‍. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, തൃശൂര്‍ ഡിസിസി സെക്രട്ടറി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗം, ഖാദി ബോര്‍ഡ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍, ഡയറക്ടര്‍ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top