മുൻ മന്ത്രി ഡോ.ഭീമണ്ണ ഖന്ദ്രെ അന്തരിച്ചു

ബെംഗളൂരു : കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും മുൻ മന്ത്രിയും വീരശൈവ മഹാസഭയുടെ ഓണററി പ്രസിഡന്റുമായ ഡോ. ഭീമണ്ണ ഖന്ദ്രെ (103) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. ജനകീയ പരിപാടികളിലൂടെ ആറ് പതിറ്റാണ്ടിലേറെയായി പൊതുജീവിതത്തിൽ പ്രശസ്തനായിരുന്ന അദ്ദേഹം ബിദറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മകൻ ഈശ്വര് ഖന്ദ്രെ മന്ത്രിയും ചെറുമകൻ സാഗർ ഖന്ദ്രെ എംപിയുമാണ്.ബീദർ ഡിസിസി ബാങ്ക് പ്രസിഡന്റ് അമർകുമാർ ഖാൻഡ്രെ മറ്റൊരുമകനാണ്. നാല് പെൺമക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകനും മുൻ എംഎൽഎയുമായ വിജയകുമാർ ഖാൻഡ്രെ 2019-ൽ അന്തരിച്ചിരുന്നു.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനത്തെ പുനഃസംഘടിപ്പിക്കുന്നതിലും ബീദർ ജില്ലയെ കർണാടകത്തിന്റെ ഭാഗമാക്കുന്നതിലും പ്രധാനപങ്കുവഹിച്ച നേതാവാണ്. ഇക്കാര്യം മുൻനിർത്തി അദ്ദേഹത്തിന് കർണാടക ഏകീകരണപുരസ്കാരം ലഭിച്ചിട്ടുണ്ട്.

അഭിഭാഷകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1953-ൽ ഭാൽകി മുനിസിപ്പാലിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡന്റായി. 1962 മുതൽ നാലുതവണ എംഎൽഎയും രണ്ടുതവണ എംഎൽസിയുമായ അദ്ദേഹം വീരപ്പമൊയ്‌ലിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയിൽ 1992 മുതൽ 1994 വരെ ഗതാഗതവകുപ്പ് മന്ത്രിയായി.ബീദർ സഹകരണ പഞ്ചസാരഫാക്ടറിയുടെയും ഹുനാജിയിലെ മഹാത്മാഗാന്ധി പഞ്ചസാരഫാക്ടറിയുടെയും സ്ഥാപകപ്രസിഡന്റാണ്. ബീദർ ജില്ലയിലെ നാരംജ, കാരംജ ജലസേചനപദ്ധതികൾ നടപ്പാക്കുന്നതിലും പ്രധാനപങ്കുവഹിച്ചു. ശാന്തിവർധക് എജുക്കേഷൻ സൊസൈറ്റി സ്ഥാപിച്ച അദ്ദേഹം വിദ്യാഭ്യാസമേഖലയിലും പ്രവർത്തനം വ്യാപിപ്പിച്ചു. ബീദറിലെ അക്കമഹാദേവി കോളേജും ഭാൽകിയിലെ എൻജിനിയറിങ് കോളേജും അദ്ദേഹം തുടക്കംകുറിച്ചതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top