ജൂൺ മാസത്തെ ഭക്ഷ്യധാന്യം ഇന്ന് കൂടി വിതരണം ചെയ്യും

പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് (ജൂലൈ 6) കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. മുൻഗണനാ കാർഡുടമകൾക്ക് (എഎവൈ, പിഎച്ച്എച്ച്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം നൽകുന്നത്. ജൂണിൽ അവസാനിച്ച പദ്ധതിയുടെ ആനുകൂല്യം നവംബർ വരെ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്. ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പദ്ധതികൾ ഏറ്റവും മികച്ചരീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം.

മേയ് മാസത്തെ വിതരണം സംസ്ഥാനം പൂർത്തിയാക്കിയിരുന്നു.
മുൻഗണനാകാർഡ് കൈവശമുള്ള കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട്. കേരളത്തിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന 1,54,80,000 പേരുണ്ട്.
മേയ് മാസത്തിൽ കേന്ദ്രം അനുവദിച്ച 77,400 മെട്രിക്ക് ടൺ ഭക്ഷ്യധാന്യത്തിൽ 74015.68 മെട്രിക്ക് ടൺ ഭക്ഷ്യധാന്യങ്ങൾ (95.62 ശതമാനം) കാർഡുടമകൾക്ക് വിതരണം ചെയ്തു. ജൂൺ മാസത്തിലെ വിഹിതത്തിൽ 70317.88 മെട്രിക്ക് ടൺ (90.85 ശതമാനം) ജൂലൈ മൂന്ന് വരെ വിതരണം ചെയ്തിട്ടുണ്ട്.
വിഹിതം ലഭിക്കില്ലെന്ന വ്യാപകമായ കുപ്രചരണം കേരളത്തിൽ പല ഭാഗത്തും നടക്കുന്നു.

പിഎംജികെഎവൈ റേഷൻ വിതരണം സംബന്ധിച്ച യഥാർത്ഥ വസ്തുത കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്നവിത്രാൻ പോർട്ടലിലും സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ  e.pos.kerala.gov.in എന്ന ലിങ്കിലും ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.
പോർട്ടബിലിറ്റി സംവിധാനം നടപ്പിലായ പശ്ചാത്തലത്തിൽ റേഷൻ കാർഡുടമകൾക്ക് കേരളത്തിലെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ വിഹിതം വാങ്ങാനാവും. ഈ സംവിധാനം കേരളത്തിലെ കാർഡുടമകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനാൽ ചില റേഷൻ കടകളിൽ അനുവദിച്ചുകൊടുത്ത സ്റ്റോക്ക് തീർന്നുപോകുന്ന സാഹചര്യമുണ്ട്. അത്തരം സാഹചര്യങ്ങളിൽ സമീപത്തുള്ള മറ്റു റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാം. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സ്റ്റോക്കുള്ള കടകളിൽ നിന്നും സ്റ്റോക്ക് തീർന്ന കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top