Section

malabari-logo-mobile

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഹോട്ടലുകള്‍,ബേക്കറികള്‍, ചിപ്‌സ് സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌

HIGHLIGHTS : Food safety department intensifies inspections at hotels, bakeries and chip stalls in connection with Sabarimala pilgrimage

മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ഊർജ്ജിതപ്പെടുത്തി. തീർത്ഥാടകർ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളായ നിലയ്ക്കൽ, എരുമേലി, ളാഹ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, ചിപ്‌സ് സ്റ്റാളുകൾ, നിർമാണ യൂണിറ്റുകൾ തുടങ്ങി എല്ലായിടത്തും പരിശോധന നടക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുമളി, പീരുമേട്, പരുന്തുംപാറ പ്രദേശങ്ങളിൽ വിവിധ കടകളിൽ നടത്തിയ പരിശോധനകളിൽ നോട്ടീസ് നൽകുകയും ഭക്ഷ്യ സുരക്ഷ ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന കുമളിയിലെ ബെറ്റർ ബേക്കറിക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നൽകി. കാലാവധി കഴിഞ്ഞ പാക്കറ്റ് പാൽ വിൽപ്പനക്കായി വച്ചതിന് നടപടി എടുത്തു. പല ഭക്ഷ്യ വസ്തുക്കളും തുറന്നുവെച്ചിരിക്കുന്നതായി കണ്ടെത്തി.

sameeksha-malabarinews

കുമളിയിലെ ചിപ്‌സ് വില്പന നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ചിപ്‌സ് തയ്യാറാക്കുന്ന വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പത്തനംതിട്ട ഫുഡ് ടെസ്റ്റിംഗ് ലാബിലേക്ക് അയച്ചു.

പമ്പ, നിലയ്ക്കൽ, എരുമേലി കേന്ദ്രീകരിച്ചു പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. നിലയ്ക്കലിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറിയും പ്രവർത്തിക്കുന്നുണ്ട്. കുടിവെള്ളവും ഇതിൽ പരിശോധിക്കുന്നുണ്ട്.

ശബരിമല മണ്ഡലകാലം പ്രമാണിച്ച് താല്കാലികമായി പ്രവർത്തിക്കുന്ന ഭക്ഷ്യോൽപാദന വിതരണ കേന്ദ്രങ്ങൾക്കും ഹോട്ടലുകൾ / തട്ടുകടകൾ / റെസ്റ്ററന്റുകൾ എന്നിവയ്ക്കും ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ നിർബന്ധമാണ്.

വരും ദിവസങ്ങളിൽ ഭക്ഷ്യ സുരക്ഷാ, ആരോഗ്യം, റവന്യു, ലീഗൽ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കും.
ഭക്ത ജനങ്ങൾക്ക് ശബരിമലയിൽ ലഭ്യമാവുന്ന ഭക്ഷണ സാധനങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന 08592999666 എന്ന ടോൾഫ്രീ നമ്പറിലും, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ 1800 425 1125 ലും അറിയിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!