മാഞ്ചീരി ഉന്നതിയിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷൻ സന്ദർശനം നടത്തി

ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരം വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി നിലമ്പൂരിലെ ഗോത്രവർഗ്ഗ മേഖലയായ മാഞ്ചീരി ഉന്നതിയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ, കമ്മീഷൻ അംഗം വി രമേശൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
മാഞ്ചീരി ഗോത്രമേഖലയിലുള്ള ദീമ്പ് വളവ്, ചൊട്ടാക്കുട്ടി, മയിലാടിപ്പൊട്ടി എന്നിവിടങ്ങളിലെ പൊതുവിതരണ വകുപ്പിന്റെ ഭക്ഷ്യധാന്യ വിതരണ കേന്ദ്രങ്ങൾ കമ്മീഷൻ സന്ദർശിച്ചു. വിതരണ സംവിധാനം വിലയിരുത്തുകയും റേഷൻ വാങ്ങുന്ന ഗോത്രവർഗ്ഗക്കാരോട് വിവരങ്ങൾ ആരായുകയും ചെയ്തു.
മൈലാടിപ്പൊട്ടി ഉന്നതിയിലെ വീടുകളിലും കമ്മീഷൻ സന്ദർശനം നടത്തി. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതി നിർവഹണം വിലയിരുത്തി. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായും ഊരു മൂപ്പനുമായും കമ്മീഷൻ ചെയർമാൻ സംസാരിച്ചു. ഗോത്രവർഗ്ഗ മേഖലയിലുള്ളവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ വിലയിരുത്തി.

റേഷൻ വിഹിതമായി നൽകുന്ന ഗോതമ്പിന് പകരം ഗോതമ്പ് പൊടി നൽകണമെന്ന് ഉന്നതികളിലുള്ളവർ ആവശ്യപ്പെട്ടു. ഗോതമ്പ് പൊടിക്കാനുള്ള സംവിധാനം ഊരുകളിൽ ഇല്ലാത്തതിനാലാണ് ഈ ആവശ്യം ഉന്നയിച്ചത്. ട്രൈബൽ വകുപ്പുമായി ചേർന്ന് ഗോതമ്പ് പൊടിച്ചു നൽകുന്നതിനുള്ള സംവിധാനമൊരുക്കും.
ഉന്നതികളിൽ ഉള്ളവർ അനുഭവിക്കുന്ന മറ്റു പ്രശ്നങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തും. മേഖലയിലെ പോഷകാഹാര വിതരണവും ഭക്ഷ്യധാന്യ വിതരണവും നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട് ട്രൈബൽ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കമ്മീഷൻ ശ്രദ്ധ ചെലുത്തുമെന്നും കമ്മീഷൻ അംഗം വി. രമേശൻ അറിയിച്ചു.

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കരുളായി നെടുങ്കയം ഉന്നതിയിലെ മണിയുടെ കുടുംബത്തെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ, മെമ്പർ എന്നീ അടങ്ങുന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു.
പൊതുവിതരണം, വനിതാ-ശിശു വികസനം, ട്രൈബൽ, റവന്യൂ, വനം, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top