HIGHLIGHTS : Food poisoning at NCC camp; 75 people under treatment
തൃക്കാക്കര : എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 75 കേഡറ്റുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ക്യാമ്പില്‍ സംഘര്‍ഷാവസ്ഥ. ക്യാമ്പ് പൊലീസ് നിര്‍ത്തിവയ്പിച്ചു. തൃക്കാക്കര കെഎംഎം കോളേജിലെ ക്യാമ്പിലാണ് സംഭവം. മീന്‍കറിയോടെയുള്ള ഉച്ചയൂണ് കഴിച്ചശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജ്, കാക്കനാട് സണ്‍റൈസ്, ബി ആന്‍ഡ് ബി, തൃക്കാക്കര സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവമറിഞ്ഞ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സ്ഥലത്തെത്തിയെങ്കിലും ക്യാമ്പിലേക്ക് കയറ്റിവിട്ടില്ല. ഇവര്‍ പ്രതിഷേധിച്ചതോടെ സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയുണ്ടായി. ?ഗേറ്റ് തള്ളിത്തുറന്നാണ് രക്ഷിതാക്കള്‍ ക്യാമ്പിനകത്തേക്ക് കയറിയത്. സമാന സംഭവം, പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന കൊച്ചിന്‍ പബ്ലിക് സ്‌കൂളിലും ഉണ്ടായി. എന്‍സിസിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഫോണ്‍ എടുത്തില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
കഴിഞ്ഞ ദിവസം ക്യാമ്പില്‍നിന്ന് ഭക്ഷണം കഴിച്ചപ്പോഴും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും നിസ്സാരകാരണങ്ങള്‍ക്ക് കടുത്ത ശിക്ഷാമുറകള്‍ക്ക് വിധേയരാക്കിയെന്നും കേഡറ്റുകള്‍ പറഞ്ഞു. ആണ്‍കുട്ടികള്‍ കെഎംഎം കോളേജിലും പെണ്‍കുട്ടികള്‍ കൊച്ചിന്‍ പബ്ലിക് സ്‌കൂളിലുമാണ് ഉണ്ടായിരുന്നത്. ഒരേസ്ഥലത്തുനിന്നാണ് ഇവര്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്നത്. തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗം ക്യാമ്പിലെത്തി ഭക്ഷണസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
ഭക്ഷണത്തിന്റെയും പാചകം ചെയ്യാന്‍ ഉപയോഗിച്ച കിണറ്റിലെ വെള്ളത്തിന്റെയും പരിശോധനാഫലം വന്നശേഷമേ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകൂ. അസി. പൊലീസ് കമീഷണര്‍ പി വി ബേബിയുടെ നേതൃത്വത്തില്‍ പൊലീസ് കെഎംഎം കോളേജിലെത്തി അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിഎംഒ റിപ്പോര്‍ട്ട് തേടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു