Section

malabari-logo-mobile

പ്രളയ പുനരധിവാസം: കണ്ണംകുണ്ട് ട്രൈബല്‍ വില്ലേജില്‍ ഒന്‍പത് വീടുകള്‍ ഒരാഴ്ച്ചയ്ക്കകം കൈമാറും: ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍

HIGHLIGHTS : Flood Rehabilitation: Nine houses in Kannamkundu Tribal Village will be handed over within a week: District Collector K. Gopalakrishnan

മലപ്പുറം: പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്പൂരിലെ പട്ടിക വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നടപടികളുമായി ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി ചാലിയാര്‍ അകമ്പാടം കണ്ണംകുണ്ട് കോളനി, കവളപ്പാറ പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന ആനക്കല്ല് എന്നിവിടങ്ങളിലെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ നേരിട്ട് വിലയിരുത്തി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ.അരുണ്‍, അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസറുദ്ദീന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കണ്ണംകുണ്ട് ട്രൈബല്‍ വില്ലേജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒന്‍പത് വീടുകളുടെ താക്കോല്‍ ദാനം ഒരാഴ്ച്ചക്കുള്ളില്‍ നിര്‍വഹിക്കുമെന്നും ഇരു പ്രദേശങ്ങളിലും നിര്‍മിക്കുന്ന വീടുകള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നും കലക്ടര്‍ അറിയിച്ചു.

sameeksha-malabarinews

ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല പൂളപ്പൊട്ടി, ചെട്ടിയന്‍പാറ കോളനിയിലെ 34 കുടുംബങ്ങള്‍ക്കായി 10 ഹെക്ടര്‍ ഭൂമിയാണ് അകമ്പാടം വില്ലേജിലെ കണ്ണംകുണ്ട് പ്രദേശത്ത് റവന്യൂ വകുപ്പ് ഏറ്റെടുത്തത്. 20 ചതുരശ്ര അടിയില്‍ 7.20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടുകളും നിര്‍മിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ആറുലക്ഷം രൂപയാണ് നല്‍കുക. 1.20 ലക്ഷം രൂപ സന്നദ്ധസംഘടനകള്‍ വഴി സ്വരൂപിക്കും.

കവളപ്പാറ ദുരന്തത്തിനിരയായ 32 കുടുംബങ്ങള്‍ക്ക് പോത്തുകല്ല് ആനക്കല്ല് ഉപ്പടയില്‍ 10 സെന്റ് വീതം സ്ഥലത്താണ് വീടൊരുങ്ങുന്നത്. ഇവിടെ വൈദ്യുതി, കുടിവെള്ളം, കമ്മ്യൂനിറ്റി ഹാള്‍ എന്നിവ ടി.ആര്‍.ഡി.എം വഴി ലഭ്യമാക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. ഓരോ കുടുംബത്തിനും ഭൂമി വാങ്ങാന്‍ ആറ് ലക്ഷവും വീട് നിര്‍മിക്കാന്‍ ആറ് ലക്ഷവുമാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. കവളപ്പാറ ദുരന്തത്തില്‍ വീടും ഭൂമിയും പൂര്‍ണ്ണമായും നഷ്ടപ്പെട്ട 11 കുടുംബവും കവളപ്പാറ ദുരന്ത മേഖലയിലെ തുരുത്തില്‍ വീടുണ്ടായിരുന്ന ആറ് കുടുംബവും മലയിടിച്ചില്‍ ഭീഷണി കാരണം മാറ്റി പാര്‍പ്പിക്കുന്ന 15 കുടുംബത്തിനുമാണ് സര്‍ക്കാര്‍ ഭൂമിയും വീടും നല്‍കി പുനരധിവസിപ്പിക്കുന്നത്.

നിലമ്പൂര്‍ തഹസില്‍ദാര്‍ സുരേഷ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയകുമാര്‍, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ ശ്രീകുമാരന്‍, നിര്‍മിതി കേന്ദ്ര മലപ്പുറം പ്രൊജക്ട് മാനേജര്‍ കെ.ആര്‍. ബീന, ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന്‍, ഉപാധ്യക്ഷ ഗീത ദേവദാസ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരും കലക്ടര്‍ക്കൊപ്പം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!