Section

malabari-logo-mobile

കാലവര്‍ഷം നേരിടാന്‍ മലപ്പുറം ജില്ല സജ്ജമെന്ന് കലക്ടര്‍; നിലമ്പൂരില്‍ പ്രത്യേക മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

HIGHLIGHTS : District Collector says district is ready to face monsoon; Special preparations have been completed in Nilambur

മലപ്പുറം: കാലവര്‍ഷം നേരിടാന്‍ ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൂടുതല്‍ ദുരന്ത സാധ്യതയുള്ള നിലമ്പൂര്‍ താലൂക്കില്‍ പ്രത്യേക മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും ബോട്ട് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും ജില്ലാകലക്ടര്‍ അറിയിച്ചു.

നിലമ്പൂരില്‍ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ്യഘട്ടത്തില്‍ ക്യാമ്പുകള്‍ തുടങ്ങാനും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും നടപടികളായി. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പും നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു തുടങ്ങിയവരും വളണ്ടിയര്‍മാരും സജ്ജരാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മുന്നൊരുക്കം. പ്രകൃതി ക്ഷോഭമുണ്ടായാല്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം 1235 കുടുംബങ്ങളില്‍ നിന്നായി 5268 പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നാണ് ഔദ്യോഗിക കണക്ക്.

sameeksha-malabarinews

വഴിക്കടവ് ഗ്രാമപഞ്ചായത്താണ് പ്രകൃതിക്ഷോഭം കൂടുതല്‍ ബാധിക്കാനിടയുള്ള മേഖല. ഈയൊരു സാഹചര്യത്തില്‍ 22 ക്യാമ്പുകളാണ് നിലമ്പൂരില്‍ സജ്ജമാക്കുക. ഓരോ എട്ടു മണിക്കൂറിലും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മൂന്ന് വീതം ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കും. ക്യാമ്പുകളുടെ കാര്യത്തിനായി നോഡല്‍ ഓഫീസറേയും നിയമിക്കും. ആരോഗ്യ വകുപ്പിന്റെ സേവനത്തിന് ആ വകുപ്പ് തന്നെ മേല്‍നോട്ടം വഹിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പില്‍ ആളുകളെ നാല് വിഭാഗങ്ങളായാണ് താമസിപ്പിക്കുക. ജനറല്‍ വിഭാഗം, 60 വയസ് കഴിഞ്ഞവര്‍, കോവിഡ് ലക്ഷണമുള്ളവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിങ്ങനെ നാല് തരത്തിലുള്ള ഇടങ്ങളാണ് ഒരു ക്യാമ്പില്‍ ക്രമീകരിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!