Section

malabari-logo-mobile

പ്രളയം പൂര്‍ണമായി തകര്‍ത്ത 5894 വീടുകള്‍ പുനര്‍നിര്‍മിച്ചു; 298 കോടി രൂപയുടെ സഹായം

HIGHLIGHTS : തിരുവനന്തപുരം: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന 5894 വീടുകള്‍ 298 കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു. ഭാഗികമായി നാശനഷ്ടം സംഭവിച്ച 2,...

തിരുവനന്തപുരം: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന 5894 വീടുകള്‍ 298 കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു. ഭാഗികമായി നാശനഷ്ടം സംഭവിച്ച 2,54,681 വീടുകള്‍ക്കായി 1274.5 കോടി രൂപയും ചെലവഴിച്ചു. സര്‍ക്കാരിന് ലഭ്യമായ കണക്കുകളനുസരിച്ച് 15,463 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ സ്വയം പുനര്‍നിര്‍മിക്കാന്‍ തയ്യാറായി 9329 പേര്‍ മുന്നോട്ടുവന്നിരുന്നു. ഇവര്‍ക്ക് സര്‍ക്കാരിന്റെ നാലു ലക്ഷം രൂപയാണ് സഹായം. പ്രളയം തകര്‍ത്ത മറ്റു വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

തകര്‍ന്ന വീടുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് സഹായം ലഭ്യമാക്കിയിരിക്കുന്നത്. 15 ശതമാനത്തില്‍ കുറവും 16 മുതല്‍ 29 വരെ ശതമാനത്തിനിടയിലും നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് മുഴുവന്‍ സഹായവും നല്‍കി. ഇരുവിഭാഗങ്ങളിലുമായി 2,04,663 ഗുണഭോക്താക്കള്‍ക്ക് 516.05 കോടി രൂപയാണ് വിതരണം ചെയ്തത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കെയര്‍ഹോം പദ്ധതിയില്‍ 2000 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതില്‍ 1500 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിഞ്ഞു. ബാക്കി വീടുകള്‍ ആഗസ്റ്റ് 15നകം കൈമാറും. ഓരോ സ്ഥലത്തിന്റേയും പ്രത്യേകത അനുസരിച്ചുള്ള വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 2000 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പുനര്‍നിര്‍മാണത്തിന് നഗരകാര്യ വകുപ്പ് 20.14 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

sameeksha-malabarinews

വീടുകളുടെ നാശനഷ്ടം നിര്‍ണയിച്ചത് സംബന്ധിച്ച് 98,181 അപ്പീലുകളാണ് റവന്യു വകുപ്പിന് ലഭിച്ചത്. ഇതില്‍ 85,141 അപ്പീലുകളില്‍ തീരുമാനമായി. അപ്പീലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയദുരന്തത്തിനിരയായ 6.87 ലക്ഷം കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി പതിനായിരം രൂപ വീതം നല്‍കിയിരുന്നു. 687.84 കോടി രൂപയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!